ഒരു മൂട്ടക്കഥ (23)

11:13 PM by , under

മൂട്ട .. .. .. ഞങ്ങൾ ഗൾഫുകാരുടെ ഏതു വില്ലയിലും ഫ്ലാറ്റിലും ഏതു പാതിരാത്രി ചെന്നു ചോദിച്ചാലും മിനിമം ഒരു കാൽ കിലോയെങ്കിലും തപ്പിപ്പെറുക്കിയെടുക്കാൻ കിട്ടുന്ന ഒരേയൊരു സാധനം. എന്നാലും ഇത്രയും നാളും ഇല്ലാതിരുന്ന ഇതിപ്പോ എവിടുന്നു വന്നു ? എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. അവസാനം കുറ്റവാളിയെ കണ്ടുപിടിച്ചു. "കുഞ്ഞൂട്ടി - എന്റെ ഒരു കസിൻ. സോനാപൂർ ലേബർ ക്യാമ്പുകളിൽ മൾട്ടി നാഷണൽ ചോരകുടിച്ച് അർമാദിച്ച് നടന്ന ഒരെണ്ണത്തിനെ കഴിഞ്ഞമാസം ഇവിടെ വന്നപ്പം ഇറക്കിവിട്ടതായിരിക്കും.

ഇപ്പോൾ കാര്യങ്ങൾ എതാണ്ട് ഒരു മാതിരി ഭംഗിയായി.മൂന്നു കട്ടിൽ, ഒരു സോഫാ, ഒരു ഷെൽഫ് പിന്നെ തറയിൽ ഇട്ടിരുന്ന കാർപെറ്റ്, ഇതെല്ലാം മൂട്ടയുടെ സാമ്രാജ്യമായി മാറി.

ചില ദിവസങ്ങളിൽ രാത്രി ആരോ ലൈറ്റിട്ട പോലെ തോന്നി എണീറ്റ് നോക്കുമ്പം കാണാം വലിയമ്മാവൻ ചമ്രം പിടഞ്ഞിരുന്ന് കട്ടിലിന്റെ ഇടയിലെ പലകയിൽ എറ്റിസലാത്തിന്റെ ടെലിഫോൺ കാർഡിട്ട് കുത്തുന്നത്. ഓർമ്മ ശരിയാണെങ്കിൽ ഒന്നിലധികം തവണ ഞാൻ അതു കണ്ടുകാണും.

എന്താണെന്നറിയില്ല ഈ കുന്തപ്രാണ്ടി എന്നെ ഇതു വരെ കടിച്ചിട്ടില്ല. ചോരയ്ക്ക് ടേസ്റ്റ് പോരാഞ്ഞിട്ടാണോ അതോ പണ്ട് എന്നെ കടിക്കാൻ വന്ന ഒരു ഗാംഗ് മൊത്തം വിയർപ്പിന്റെ സുഗന്ധത്താൽ മയങ്ങി സയനൈഡ് അടിച്ച് കറങ്ങി വീണ എൽ.റ്റി.റ്റി.ഇ ക്കാരെ പോലെ ചത്തു മലച്ചതുകണ്ട് ഇനി മേലിൽ ആരും ഇവനെ നോക്കുക പോലും ചെയ്ത് പോകരുത് എന്ന് നിയമ നിർമാണം നടത്തിയതു കൊണ്ടാണോ എന്നറിയില്ല. അവറ്റകൾ എന്നെ കണ്ട ഭാവം പോലും നടിക്കാറില്ല. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയിരുന്നേലും എറ്റവും കൂടുതൽ ആക്രമണം നേരിടേണ്ടി വന്നത് എന്റെ കട്ടിലിനു തന്നെ ആയിരുന്നു.

ദിവസങ്ങൾ കഴിയുന്തോറും എന്റെ കിടക്കവിരിയുടേയും പുതപ്പിന്റേയും കളറും ഡിസൈനും മാറി മാറിവന്നു. ഇടയ്ക്കിടെ കിടക്കവിരി പുതപ്പാക്കിയും പുതപ്പ് കിടക്ക വിരിയാക്കിയും രണ്ടിന്റെയും ഡിസൈൻ ഏതാണ്ട് ഒരു പോലെ ആക്കിയെടുത്തു. ആകെയുള്ള ഒരു പ്രശ്നം മൂട്ടേടെ വെടക്ക് മണമാണ്. അതു പിന്നെ അറബിമൂത്രം എന്ന ഓമനപ്പേരിലറിയപ്പെടുന്ന "ബ്രൂട്ട്" ഇടക്കിടെ തളിച്ച് ബന്ദവസാക്കി.

ചില വെള്ളിയാഴ്ചകളിൽ അവധിയുണ്ടെങ്കിൽ വെറുതെയിരുന്ന് ബോറടിക്കുമ്പോൾ, നാട്ടുമ്പുറത്ത് പെണ്ണുങ്ങൾ സൊറ പറഞ്ഞിരുന്ന് പേൻ കൊല്ലുന്ന പോലെ എനിക്കും ഒരു ടൈം പാസായി. പേൻ കോല്ലിക്കു പകരം എറ്റിസലാത് കാർഡായിരുന്നു ആയുധം. സംഗതി കൊള്ളം. പിടിക്കുക കാർഡിനു മുകളിൽ വെക്കുക. വേറെയൊരു കാർഡുകൊണ്ട് ഒരു ഞെക്ക്…. പ്ഡിം…..പ്ലക്ക്……….. പേൻ കൊല്ലുന്നതിനേക്കാൾ രസം. പേനാണേൽ ഇത്ര ഗുമ്മില്ല…. ചില ആഴ്ചകളിൽ 50-60 എണ്ണത്തിനെ വരെ പിടിച്ച് ഞാൻ റെക്കോർഡിട്ടു.

ഇടയ്ക്കൊക്കെ വലിയമ്മാവൻ കഴിഞ്ഞ രാത്രി നടത്തിയ ധീര സാഹസിക മൂട്ട വേട്ടയെപ്പറ്റി വാചാലവാവുകയും ആ എൻ‌കൌണ്ടറിനിടയിൽ കിട്ടിയ പരിക്കുകൾ മുതുകിലും കയ്യിലും പള്ളയ്ക്കുമൊക്കെ കാണിച്ചു തരികയും ചെയ്തു.. ഞാൻ അതൊന്നും കാര്യമായെടുത്തില്ല. പിന്നേ…. നമുക്കതല്ലേ പണി…..

വെറുതേ ഗൾഫ് ന്യൂസിന്റെ ക്ലാസ്സിഫൈഡ്സ് മറിച്ച് നോക്കുന്നതിടയിൽ ഒരു പെസ്റ്റ് കണ്ട്രൊൾ കമ്പനിയുടെ പരസ്യം ശ്രദ്ധയിൽ‌പ്പെട്ടു. ഉടനെ വിളിച്ചുനോക്കി. നൂറ്റിയിരുപത്തിയഞ്ച് ദിർഹംസ് കൊടുത്താൽ മതി ഒരു മണിക്കൂർ കൊണ്ട് സംഗതി ക്ലീനാക്കിത്തരും. ആറുമാസത്തെ ഗ്യാരണ്ടിയുമുണ്ട്.
വൈകിട്ട് കണ്ടപ്പോൾ ഞാൻ വലിയമ്മാവനോട് കാര്യം പറഞ്ഞു.

"ഞാനും ഇത് കുറേ ദിവസമായി ആലോചിക്കുന്നു. പെസ്റ്റ് കണ്ട്രൊളൊന്നും വേണ്ടടാ…വേറൊരു ഉഗ്രൻ സാധനമുണ്ട്."

"എന്താദ്… ?"

"നമുക്ക് ബോംബ് വെയ്ക്കാം"

"ബോംബാ‍ാ‍ാ‍ാ‍ാ മൂട്ടേനെ കൊല്ലാനോ ? !!!!!"

"അതേന്നേ മൂട്ട ബോംബ് . അങ്ങനെ ഒരു സാധനമുണ്ട്. മുനിസിപ്പാലിറ്റിക്കാര് മൂട്ടയെ കൊല്ലാൻ ഉപയോഗിക്കുന്നതാണ്…. അടിപൊളി സാധനം.. ഇതിന്റെ അടുത്തു വരുന്ന മൂട്ട പൊട്ടിത്തെറിച്ച് പോകുമത്രെ…. ഇങ്ങനെ ഒരുപാട് പേർ മൂട്ടയെ പൊട്ടിത്തെറിപ്പിച്ച് കൊന്നിട്ടുണ്ട്. "

ഓഹോ..കൊള്ളാമല്ലോ …. ഞാൻ മനസിൽ കരുതി. ഏതാ‍യാലും ഒന്നു പരീക്ഷിക്കുക തന്നെ…

"പെസ്റ്റ് കണ്ട്രൊളുകാരുടെ മരുന്നിനാണേങ്കിൽ ഒടുക്കലത്തെ മണമാണ്. പിന്നെ ഒരാഴ്ച മുറിയിൽ കിടന്നുറങ്ങാൻ വലിയ പാടാണടാ…ഇതാകുമ്പം ആ പ്രശ്നമില്ല. പ്രത്യേകിച്ച് മണമൊന്നുമില്ല…."

"തന്നെ….?"

ഇതുവരെ ഇങ്ങനെ ഒരു ബോംബോ പൊട്ടിത്തെറിച്ച് സമാധിയായ ഒരു മൂട്ടയേയൊ കണ്ടിട്ടില്ലാത്തതിനാൽ എന്തു പണ്ടാരമെങ്കിലുമാവട്ടേയെന്നു കരുതി ഞാനും കുഞ്ഞമ്മാവനും സമ്മതിച്ചു.

ഈ ബോംബെന്നു പറയുന്നത് ഒരു തരം ഗുളികയാണെന്നും ഇത് കവർ തുറന്നു വെളിയിൽ വെച്ചാൽ ആ എമിറേറ്റിലെ സകല മൂട്ടകളും പൊട്ടിത്തെറിച്ച് ഭസ്മമായി പോകുമെന്നും ഇതങ്ങനെ സാധാരണ കടകളിൽ കിട്ടുകയില്ലായെന്നും മുനിസിപ്പാലിറ്റിയിൽ ജോലിയുള്ള ഒരു കൂട്ടുകാരൻ കൊണ്ടുവന്നു തരാമെന്നും ബോംബ് ഒന്നുക്ക് രണ്ട് ദിർഹംസ് വെച്ച് കൊടുക്കണമെന്നും വലിയമ്മാവൻ പറഞ്ഞപ്പോളൊന്നും ഞാനോ കുഞ്ഞമ്മാവനോ മറുത്തൊരക്ഷരം പറഞ്ഞില്ല.

സംഗതി സിമ്പിളാണ്. കവർ തുറന്ന് എവിടെയെങ്കിലും വെച്ചാൽ മതി അതിന്റെ അടുത്ത് വരുന്ന മൂട്ടകൾ ബ്ബ്ബും.....

കട്ടിൽ ഒന്നുക്ക് പത്തെണ്ണം വെച്ച് മൂന്ന് കട്ടിലിന് മുപ്പത്, സോഫാ ഒരെണ്ണം പത്ത്, ഷെൽഫ് ഒരെണ്ണം പത്ത്, പിന്നെ അല്ലറ ചില്ലറ ഏരിയാ കവറ് ചെയ്യാൻ ഒരു ഇരുപതെണ്ണം. അങ്ങനെ മൊത്തം എഴുപത് ബോംബ്.

മൊത്തം ചിലവ് – എഴുപതെ ഗുണം രണ്ട് = നൂറ്റിനാൽ‌പ്പത് ദിർഹംസ് നോട്ട് ബാഡ് അറ്റ് ഓൾ…. നൂറ്റിയിരുപത്തിയഞ്ച് കൊടുത്ത് മണമടിച്ച് കിടക്കുന്നതിനേക്കാൾ കൊള്ളാം. തന്നെയുമല്ല പൊട്ടിത്തെറിച്ച് ആവിയായ മൂട്ടയെ കാണാമല്ലോ.. ഇതു മതി. എന്നാലും മനസിലെവിടെയ്യോ ഒരു വശപ്പിശക് മണത്തു. ബോംബ്, പൊട്ടിത്തെറി, ഇതു വല്ലതും നടക്കുമോ??

അപ്പോളാണ് ഒരു പ്രോബ്ലം. ബോംബു വെച്ചുകഴിഞ്ഞാൽ 24 മണിക്കൂർ മുറിയില് കയറാൻ പാടില്ല.ആ സമയമത്രയും എവിടെ പോകും.??? വലിയമ്മാവനാണേൽ വേറേ അരുടെയെങ്കിലും ഫ്ലാറ്റിലോ വില്ലയിലോ പോയി കിടക്കുന്നത് ആലോചിക്കാനേ വയ്യ.. ഞാൻ ഒരു നിർദ്ദേശം വെച്ചു. രാവിലെ ബോംബുവെച്ചിട്ട് കറങ്ങാൻ പോകാം. പക്ഷെ ഇരുപത്തിനാലു മണിക്കൂറ് എവിടെ കറങ്ങും?? ഒരു പത്ത് പന്ത്രണ്ട് മണിക്കൂർ വരെ ഓ.കെ.ബാക്കി സമയം എന്ത് ചെയ്യും?? എവിടെ പോകും???

ആലോചന….. ആലോചന….. ആലോചന…..
അവസാനം വലിയമ്മാവൻ ആ എമണ്ടൻ ഐഡിയ അവതരിപ്പിച്ചു………

ഏതെങ്കിലും ഹോട്ടലിലോ ലോഡ്ജിലോ മുറിയെടുക്കുക. വ്യാഴാഴ്ച ജോലി കഴിഞ്ഞ് പോയി ബോംബ് പ്ലാന്റ് ചെയ്യുക, ഗോ റ്റു ഹോട്ടൽ, കം ബാക് ആഫ്റ്റെർ ട്വെന്റി ഫോർ അവേർസ്, ക്ലീൻ ദ ഹൌസ്. സോ സിമ്പിൾ…

"എങ്ങനൊണ്ടടാ പ്ല്ലാൻ ????" അമ്മാവൻ ചോദിച്ചു.

പ്ലാനൊക്കെ കൊള്ളാം. ഇതുപോലെ വലിയമ്മാവന്റെ കുറേ പ്ലാനുകൾ കണ്ടിട്ടുള്ളതാ.. അതാണുപേടി. എന്നാലും ഹോട്ടലിലെ പൈസ, അന്നത്തെ ഭക്ഷണത്തിന്റെ ചിലവ്, ബോംബിന്റെ പൈസ ഇതെല്ലാം കൂടി ആരു കൊടുക്കും???? ദൈവമേ…. ഇതവസാനം എന്നത്തെയും പോലെ ഇടിവെട്ടാനായിട്ട് നമ്മുടെ പെടലിക്ക് തന്നെ വരുമൊ??

പറഞ്ഞിട്ടെന്താ കാര്യം. പൈസേടെ കാര്യം വരുമ്പം " എന്തോ???... എന്നെ ആരാടാ വിളിക്കുന്നേ……. ദാ വരുന്നേ……" പറഞ്ഞ് സ്ക്കൂട്ടാവുന്ന പാർട്ടിയാണ്..അമ്മാവനായി പോയില്ലെ …. നമുക്ക് വോയ്സില്ലാതെ പോയി..

ഓപ്പറേഷന്റെ തലേന്ന് കക്ഷി തന്നെ അടുത്തുള്ള ഒരുവിധം എല്ലാ ഹോട്ടലിലും –കെമ്പെൻസ്കി അടക്കം ( സംഗതി ഫൈവ്-സ്റ്റാറാണ്) – കയറിയിറങ്ങി. ഇടയ്ക്ക് ചെന്ന ബീച്ച് ഹോട്ടലിൽ ചെരുപ്പിട്ടോണ്ട് കേറാൻ പറ്റില്ലെന്ന് പറഞ്ഞ് ഓടിച്ച് വിട്ടു. അവസാനം വൈകിട്ടാ‍യപ്പോഴേയ്ക്കും ഹോട്ടൽ റെഡി. വാടക ഇരുനൂറ്റിയൻപത് ദിർഹംസ്. ഞംഞം ഒന്നുമില്ല. വൈകിട്ട് ആറ് മണിക്ക് ചെക്-ഇൻ പിറ്റേന്ന് അതെ സമയം ചെക്-ഔട്ട്. റേറ്റ് കേട്ടപ്പോഴെ എന്റെ പകുതി ജീവൻ പോയി. നൂറ്റിയിരുപത്തിയഞ്ചിന് തീർക്കാമായിരുന്ന ഒരു കാര്യം … ഇതിപ്പോ എവിടെ ചെന്ന് നിൽക്കുമോ ആവോ ???...

പ്ലാനനുസരിച്ച് വ്യാഴാഴ്ച ജോലി കഴിഞ്ഞ് ഞാനും കുഞ്ഞമ്മാവനും നേരേ അങ്ങ് ഹോട്ടലിൽ ചെന്നാ മതി. വലിയമ്മാവൻ നേരത്തെ ഇറങ്ങി എല്ലാം സെറ്റ് ചെയ്ത് ആവശ്യത്തിനുള്ള ഡ്രസ്സ് ഒക്കെ എടുത്ത് ആദ്യമേ തന്നെ ഹോട്ടലിൽ എത്തിക്കോളും.

വേൾഡ് ട്രേഡ് സെന്ററിനിട്ട് താങ്ങിയ അൽ-ഖയ്ദക്കാരന്മാരു പോലും ഇത്ര പ്ലാൻ ചെയ്തു കാണുകേല !!!!

പിന്നെയുള്ള രാത്രികളിൽ എല്ലാവരും നന്നായി ഉറങ്ങി. കാരണം മൂട്ടകൾ ആരെയും കടിച്ചില്ല.. ഞങ്ങളുടെ പ്ലാൻ അവരറിഞ്ഞ് കാണും.

അങ്ങനെ ആ ദിവസം വന്നെത്തി..

നേരത്തെ പറഞ്ഞുറപ്പിച്ചപോലെ വലിയമ്മാവൻ നാലുമണിക്ക് തന്നെ അന്ന് ഓഫീസിൽ നിന്നിറങ്ങി. ഞാനും കുഞ്ഞമ്മാവനും പതിവുപോലെ ആറുമണിക്കും. ഞങ്ങൾ ഒരു ടാക്സി പിടിച്ച് നേരെ ഹോട്ടലിൽ എത്തിയപ്പോഴേയ്ക്കും വലിയമ്മാവൻ മിഷൻ അക്കമ്പ്ലിഷ്ഡ് എന്ന ഭാവത്തിൽ മുറിയിൽ കിടപ്പുണ്ടായിരുന്നു. എല്ലാം നല്ല കലക്കനായിട്ട് ചെയ്തിട്ടുണ്ടെന്ന് ചെന്നുകേറിയപ്പോഴേ പറഞ്ഞു.

ആ ഒരു ദിവസം മൊത്തം അവിടെ കിടന്നുറങ്ങി. ഇടയ്ക്ക് തിന്നാൻ വിളിച്ചപ്പോൾ എഴുന്നേറ്റു. പുറത്ത് ഹോട്ടലിൽ പോയി ഊണു കഴിച്ചു. പിന്നേയും ഉറക്കം. ഇടയ്ക്കെപ്പോഴോ എഴുന്നേറ്റ് നോക്കിയപ്പോൾ വലിയമ്മാവൻ ഏതോ അറബി ചാനലിലെ പാട്ടും കേട്ട് താളം പിടിച്ച് കിടക്കുന്നു. അഞ്ചുമണി കഴിഞ്ഞപ്പം പതുക്കെ പെട്ടിയും പടവും മടക്കി നേരെ യുദ്ധഭൂമിയിലേയ്ക്ക് തിരിച്ചു.

മൊത്തം ചിലവ് – ഇരുന്നൂറ്റിയൻപത് ഹോട്ടൽ വാടക, ഭക്ഷണം തൊണ്ണൂറ്,ബോംബിന്റെ വില നൂറ്റിനാൽ‌പ്പത്. മൊത്തം നാന്നൂറ്റി എൺപത്.

മനസിൽ വേണ്ടാത്ത ചില തോന്നലുകൾ. – "ഇത്രയും ചിലവാക്കിയതൊക്കെ വെറുതെയാവുമോ ?"

എന്റെ തോന്നൽ വെറുതെയായിരുന്നില്ലെന്ന് മനസിലാക്കാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല. താഴെ കിടന്ന ഗൾഫ് ന്യൂസിന്റെ സ്പോർട്സ് പേജു വായിച്ചൊണ്ട് ബോറടിച്ചിരിക്കുന്ന ഒരു കൂട്ടം മൂട്ടകളാണ് വാതിലു തുറന്ന് അകത്ത് കയറിയ ഞങ്ങളെ വരവേറ്റത്.

താഴെകിടന്ന ആ പേപ്പർ കാണിച്ചോണ്ട് ഞാൻ വലിയമ്മാവനെ ഒന്ന് നോക്കി. "ഹേയ് അങ്ങനെയാവാൻ വഴിയില്ലല്ലോ " എന്ന ഭാവത്തിൽ അമ്മാവൻ എന്നേയും..

"അത് മരണ വെപ്രാളത്തിലെങ്ങാനും അവിടെ വന്നിരുന്നതായിരിക്കും..സാരമില്ലടാ കുറേ കഴിഞ്ഞ് ചത്തോളും."

സംഗതി കുളമായി എന്ന് മനസിലായി. മുറിയിൽ കയറി എല്ലായിടവും ഒന്നൂടെ അനലൈസ് ചെയ്തു. കട്ടിലിന്റെ അടിയിൽ, സോഫായുടെ അടിയിൽ, ഷെൽഫിന്റെ ഉള്ളിൽ ഒക്കെ നോക്കി. നോക്കിയിടത്തെല്ലാം ഓടിനടക്കുന്ന ഒരുപാട് മൂട്ടകളെ കണ്ടു. അതിനൊന്നിനും മരണവെപ്രാളം പോയിട്ട് ഒരു സാദാ വെപ്രാളം പോലും കണ്ടില്ല.

എന്തൊരു ബഹളമായിരുന്നു… മൂട്ട ബോംബ് പൊട്ടിത്തെറി ഒലക്കേടെ മൂട്…

"പൊട്ടിത്തെറിക്കുമെന്നു തന്നെയല്ലേ നേരത്തെ പറഞ്ഞത് ?? പൊട്ടിച്ചിരിക്കും എന്നല്ലല്ലോ അല്ലേ അമ്മാവാ ?? "

നോ ആൻസർ…..

അതിനിടയിൽ ചങ്കുപറിയുന്ന ഒരു കാഴ്ച ഞാൻ കണ്ടു. മുറിയുടെ ഒത്ത നടുക്കായി മൂന്ന് ഇഷ്ടിക നിരത്തി അടുപ്പിച്ച് വെച്ചിരിക്കുന്നു. അതിന്റെ മുകളിലായി ചാരം പോലെ എന്തോ കുറച്ച് പൊടി കിടപ്പുണ്ട്.

"ഇതെന്തുവാ ഈ പൊടി ?"

"അതു ബോംബിന്റെ അവശിഷ്ടങ്ങളാടാ….."

"ഓ… അതു ശരി… അപ്പോ ഇതു ഇവിടെ മാത്രമേ വെച്ചുള്ളോ ? !!!!"

"ഹും…."

"എഴുപതും ഇവിടെത്തന്നെ വെച്ചോ ? !!!! "

"ഹും.."

"@#$$%%^$#@@#@#@%$^^………." ഞാനെന്തായിരിക്കും മനസിൽ പറഞ്ഞിരിക്കുക !!! ഓർത്തെടുക്കാൻ പറ്റുന്നില്ല …. വെറുതേ കളഞ്ഞ ആ നാന്നൂറ്റിയെൺപത് ദിർഹംസിനെ കുറിച്ചായിരിക്കുമോ ? തീർച്ചയായും അല്ല… പിന്നെ??

**********************************************************************

വാലറ്റം:
അടുത്തയാഴ്ച സ്വന്തം പോക്കറ്റിൽ നിന്ന് വീണ്ടും പൈസ കൊടുത്ത് പഴയ ആ പെസ്റ്റ് കണ്ട്രോളറുകാരനെ വിളിച്ചു. മരുന്നടിയെല്ലാം കഴിഞ്ഞ് തിരിച്ചുപോകുന്നതിന് തൊട്ടുമുൻപ് അയാൾ എന്റെ കട്ടിൽ കാണിച്ചോണ്ട് ചോദിച്ചു :
"ആരാ സാറേ ആ കട്ടിലിൽ കിടക്കാറുള്ളത് ? "
"എന്താ കാര്യം ?"
"എന്റെ ഇരുപത് വർഷത്തെ ഈ ജോലിക്കിടയിൽ ഇത്രയും മൂട്ടയുള്ള ഒരു കട്ടിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല…. അതിൽ കിടക്കുന്നയാളെ സമ്മതിക്കണം കേട്ടോ….."
"എനിക്കറിയില്ല ചേട്ടാ….ഞാൻ ഈ ഫ്ലാറ്റിലെയല്ല കേട്ടോ.. അവരു ജോലിക്ക് പോയപ്പം എന്നെ ഏർപ്പാടാക്കി പോയതാ.."
"അപ്പോ സാറല്ലേ എന്നെ മരുന്നടിക്കാൻ വിളിച്ചത് ?""
"അതു പിന്നെ ഞാൻ …….…..….."



edit post

23 Reply to "ഒരു മൂട്ടക്കഥ"

ആർപീയാർ | RPR on March 11, 2009 at 11:27 PM

ആദ്യത്തെ കത്തി.. കമന്റിട്ട് കൊല്ലരുത്. കൊതി കൊണ്ട് എഴുതിപ്പോയതാണ് ഇനി മേലിൽ ഇതാവർത്തിക്കില്ല. സത്യം.

 

ഉഗാണ്ട രണ്ടാമന്‍ on March 12, 2009 at 12:55 AM

മൂട്ട .. .. .. ഞങ്ങൾ ഗൾഫുകാരുടെ ഏതു വില്ലയിലും ഫ്ലാറ്റിലും ഏതു പാതിരാത്രി ചെന്നു ചോദിച്ചാലും മിനിമം ഒരു കാൽ കിലോയെങ്കിലും തപ്പിപ്പെറുക്കിയെടുക്കാൻ കിട്ടുന്ന ഒരേയൊരു സാധനം...

:) അദ്തന്നെ...

 

Joker on March 12, 2009 at 1:43 AM

ഞാന്‍ പ്രസ്തുത ബോംബ് 25 ദിര്‍ഹംസ് കൊടുത്താണ് വാങ്ങിയത് .ഫലമുണ്ടാവുകയും ചെയ്തു. പിന്നെ എന്റെ റൂമില്‍ നിന്ന് മൂട്ടയെ തുരത്താന്‍. സോഫ, ബെഡ്, ബ്ലാങ്കറ്റുകള്‍ എന്നിവ നിഷ്കരുണം പുറത്തെരിയേണ്ടി വന്നു. എന്നാലും ഇപ്പോള്‍ എന്റെ ഫ്ലാറ്റ് ഒരു മൂട്ട വിമുക്ത ഫ്ലാറ്റാണ്. പക്ഷെ ഇപ്പോള്‍ പ്രശ്നം. പാറ്റയാണ്. പാറ്റ പിടുത്തക്കാര്‍ക്ക് 125 ദിര്‍ഹംസാണ് കൂലി.ആയതിനാല്‍ (സാമ്പത്തിക മാന്ദ്യം) കാരണം ഞാന്‍ പിഫ് അപ് വാങ്ങി പൂശി കൊണ്ടിരിക്കുകയാണ്. ഭായീ......

 

ആർപീയാർ | RPR on March 12, 2009 at 2:06 AM

ഉഗാണ്ടേ... ആദ്യമായി തന്ന കമന്റിന് നന്ദി..

ജോക്കറേ .. ബോംബു തന്ന പാർട്ടി നമുക്കിട്ട് പണിഞ്ഞതാ ഭായീ... പിന്നെ അവസാനം നടത്തിയ മരുന്നടി മഹാമഹത്തിൽ ഞങ്ങൾ മൂന്നു പേരെ ഒഴികെ ബാക്കിയെല്ലാം തൂത്തുവാരി കളയേണ്ടി വന്നു.

 

ശ്രീ on March 12, 2009 at 6:22 AM

ആദ്യമായി ബൂലോകത്തേയ്യ്ക്ക് സ്വാഗതം.

ആദ്യ പോസ്റ്റു തന്നെ “ഓപ്പറേഷന്‍ മൂട്ട” ആണല്ലോ. രസകരമായി അവതരിപ്പിച്ചിരിയ്ക്കുന്നു.

എന്നാലും വലിയമ്മാവന്റെ ഒരു കാര്യം! മൂട്ടകളെല്ലാം കൂടീ കൂട്ടി വച്ച ആ 70 ബോംബു ഗുളികകളുടെ ചുറ്റുമിരുന്ന് വട്ടമേശസമ്മേളനം നടത്തുമെന്ന് കരുതിക്കാണും, പാവം. ;)

അല്ല, ഇപ്പോ മൂട്ട ശല്യം അവസാനിച്ചോ?

 

ദീപക് രാജ്|Deepak Raj on March 12, 2009 at 9:58 AM

ഗള്‍ഫ് കാര്‍ ഒരു ഫ്ലാറ്റോ വില്ലയോ മാറി പുതിയത് വാടകയ്ക്ക് എടുക്കുമ്പോള്‍ ആദ്യം ചെയ്യുന്നതും പുതിയ വീട്ടിലെ പഴയ താമസക്കാര്‍ വിട്ടിട്ടുപോയാ മൂട്ട കൂട്ടുകാരെ ഒഴിവാക്കുക എന്നതാണ്. എഴുത്ത് തുടരുക.

സ്നേഹത്തോടെ
(ദീപക് രാജ്)

 

പാവപ്പെട്ടവൻ on March 12, 2009 at 10:38 AM

സോറി....ഞങ്ങളുടെ റൂമില്‍ മൂട്ട ഇല്ല
ഞാനും ഗള്‍ഫ് കാരനാണ് .ക.... പിടിച്ചവന്‍ .മൊട്ട അടിച്ചാല്‍ കല്ല്‌ മഴ ഉറപ്പു

 

പകല്‍കിനാവന്‍ | daYdreaMer on March 13, 2009 at 1:57 AM

മരുന്നടിക്കുന്നവന്‍ മാരുടെ സ്ഥിരം നമ്പരാ ഇത്.. ഇതു മുറിയില്‍ ചെന്നാലും അവന്മാര്‍ ജീവിതത്തില്‍ ഇതുപോലെ ഒരു മൂട്ടകളും പാറകളും ഉള്ള മുറി കണ്ടിട്ടില്ലന്ന്.. പിന്നെ അതുങ്ങക്കും ജീവിക്കേണ്ടേ...
:)
സ്വാഗതം.

 

ആർപീയാർ | RPR on March 13, 2009 at 9:55 PM

ശ്രീ....
ആദ്യമായി എഴുതിയ ഈ കത്തിക്ക് ഒരു കമന്റിട്ടതിനു ഒരായിരം നന്ദി... ഇപ്പോൾ ഭാഗ്യത്തിന് മൂട്ട ശല്യം ഇല്ല..

ദീപക്കെ ....
കമന്റിനു നന്ദി..

പാവപ്പെട്ടവനേ...
ഇനി മൂട്ട വരാതെ സൂക്ഷിക്കണേ... :)

പകൽ കിനാവേ ...
അതു ശരിയാ. ഈ നമ്പർ എല്ലായിടത്തും ഇറക്കാറുള്ളതാ...

കമന്റിയ എല്ലാവർക്കും നന്ദി

 

വള്ളിക്കുന്ന് Vallikkunnu on March 14, 2009 at 5:10 AM

ബ്ലഡ്‌ ദാനം ചെയ്യാന്‍ തയ്യാറുള്ള ഓ പോസിടീവ് രക്തമുള്ള മൂട്ടകളുന്ടെങ്കില്‍ വിവരം അറിയിക്കുക, എന്റെ ഒരു സുഹൃത്തിനു രക്ത ക്കുറവിന്റെ അസുഖമാ.. ..

 

തെന്നാലിരാമന്‍‍ on March 14, 2009 at 9:00 PM

"മൂട്ട .. .. .. ഞങ്ങൾ ഗൾഫുകാരുടെ ഏതു വില്ലയിലും ഫ്ലാറ്റിലും ഏതു പാതിരാത്രി ചെന്നു ചോദിച്ചാലും മിനിമം ഒരു കാൽ കിലോയെങ്കിലും തപ്പിപ്പെറുക്കിയെടുക്കാൻ കിട്ടുന്ന ഒരേയൊരു സാധനം"
ഹഹ...അണ്ണാ...മൂട്ടപുരാണം കലക്കി....

 

ആർപീയാർ | RPR on March 16, 2009 at 10:00 PM

വള്ളിക്കുന്നേ ...
ക്ഷമിക്കണം ഇപ്പോൾ റൂമിൽ മൂട്ടകൾ ഇല്ല.. വല്ലതിനെയും കാണുവാണെൽ പറയാം ..

തെന്നാലീ...
ഇഷ്ടായി എന്നറിഞ്ഞതിൽ വളരെ സന്തോഷം..

 

നരിക്കുന്നൻ on March 25, 2009 at 9:49 AM

നല്ല അവതരണമാ കെട്ടോ.. ശരിക്കും ചിരിപ്പിച്ചു. പ്രവാസികളുടെ ആകെയുള്ള വരുമാനം ഈ മൂട്ടയും കൂറയുമൊക്കെയാവും. ഫ്രീയായിട്ട് ഒരു മൂട്ടയെങ്കിലും കട്ടിലില്ലാതെ എങ്ങനാ പ്രവാസിയുറങ്ങുന്നത്. നാട്ടിലെത്തി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്ത പ്രവാസിയോട് എന്താ ഉറക്കം വരുന്നില്ലേന്ന് ചോദിച്ച ഭാര്യയോട് മൂട്ടക്കടി കൊള്ളാത്തതിന്റെയാകും എന്ന് പറഞ്ഞ ഏതോ ഒരു പ്രവാസിയെ ഓർത്തുപോയി.

ആശംസകൾ!

 

Anil cheleri kumaran on March 25, 2009 at 10:18 PM

രസകരമായ എഴുത്ത്. ചില ഭാഗങ്ങള്‍ നല്ല തമാശ നല്‍കി.
ആശംസകള്‍.

 

neethuraveesh on March 29, 2009 at 3:55 AM

kollam.......adipoli

 

കല്യാണിക്കുട്ടി on April 2, 2009 at 1:15 AM

hiii rpr.....
moottapuranam nannaayittunde.....njaanee gulf ilonnumalla.....ennaalum orthu poyi.....
ningalude okke oru kashtappaade.....

 

hi on April 12, 2009 at 11:43 PM

:) kollaam.. nalla ezhuthu... last month njangalum pest control teamine vilichu.. pakshe gunam undaayilla. :(

 

ആർപീയാർ | RPR on April 14, 2009 at 12:02 PM

നരിക്കുന്നൻ,
കുമാരൻ,
നീതു,
കല്യാണിക്കുട്ടി,
ഷമ്മി

എല്ലാവർക്കും നന്ദി...

 

കുറുമാന്‍ on August 10, 2009 at 6:07 AM

ഹ ഹ, ഇന്നാ വായിച്ചത്. കൊള്ളാം. രസവും, ഒഴുമുണ്ട്. പഴയ പോസ്റ്റുകളും വായിക്കട്ടെ, അപ്പോഴേക്കും പുതിയത് പോരട്ടെ.
ആ മുക്കില് രണ്ട് ബോമ്പേ!!

 

Anonymous on November 24, 2009 at 3:44 PM

...please where can I buy a unicorn?

 

Anonymous on March 6, 2010 at 1:37 AM

Bravo, magnificent idea and is duly

 

Anonymous on March 13, 2010 at 4:30 PM

You are mistaken. Let's discuss.

 

മുസ്തഫ|musthapha on March 6, 2012 at 10:52 PM

ഹഹഹ ഇതടിപൊളി... :))

ബൂലോഗത്തേക്ക് സ്വാഗതം ട്ടാ :)

"എനിക്കറിയില്ല ചേട്ടാ….ഞാൻ ഈ ഫ്ലാറ്റിലെയല്ല കേട്ടോ.. അവരു ജോലിക്ക് പോയപ്പം എന്നെ ഏർപ്പാടാക്കി പോയതാ.."  :)))