ഇതൊരു ഫുട്ബോൾ കളിയുടെ കഥ.

അക്കൊല്ലവും ഇന്റർപോളി സ്പോർട്സ് മീറ്റിന്റെ അറിയിപ്പ് വന്നു
. അക്കാദമിക് കാര്യങ്ങളിലെ മികവ് കലാകായിക വിഷയങ്ങളിൽ നിലനിർത്താൻ ഒരിക്കലും ഞങ്ങളുടെ കോളേജിന് കഴിഞ്ഞിരുന്നില്ല. ഒരു കൂട്ടം ബുദ്ധിജീവികൾ വരുന്നു പഠിക്കുന്നു, പോകുന്നു എന്നതിനപ്പുറം യാതൊരുവിധ എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റീസും ഞങ്ങളുടെ സിലബസിൽ ഉൾപ്പെട്ടിരുന്നില്ല. എല്ലാക്കൊല്ലവും നടക്കാറുള്ള ഈ മാമാങ്കത്തിൽ ഏതെങ്കിലും ഒരു ഐറ്റത്തിനെങ്കിലും പങ്കെടുക്കണമെന്ന് കൊല്ലത്തിന്റെ ആദ്യം തന്നെ ഞങ്ങൾ കുറച്ചുപേർ തീരുമാനിച്ചിരുന്നു. പങ്കെടുക്കാൻ പറ്റിയ ഒരു ഐറ്റത്തിന്റെ തിരച്ചിലിന് ഒടുവിൽ ഭൂരിപക്ഷത്തിന്റെ താല്പര്യം മാനിച്ച് ഫുട്ബോളിനു നറുക്കുവീണു. തീരുമാനം എടുത്തെങ്കിലും കളിക്കാൻ ആളുവേണമല്ലോ . കണക്കെടുപ്പ് നടത്തി വന്നപ്പോൾ സംഗതി വലിയ കുഴപ്പമില്ല. അത്യാവശ്യം കളിക്കാൻ വേണ്ട ആളുകൾ കൂടെയുണ്ട്. അക്കൂട്ടത്തിൽ പ്രധാനികളായിരുന്നു ശ്രീനിയും നിസ്സാമും. ശ്രീനി പണ്ട് ജൂനിയർ സ്റ്റേറ്റ് ടീമിൽ കളിച്ച പാരമ്പര്യം ഉള്ളവൻ. വളരെ ചെറിയ പ്രായം മുതലേ കളിക്കുന്നു. നിസ്സാം കാൽ‌പ്പന്ത് കളിക്കാരുടെ നാടായ കോഴിക്കോട് ജനിച്ച് വളർന്നവൻ. കൊച്ചാപ്പാ, ചേട്ടൻ ഇവരെല്ലാം കളിക്കാർ. കൊച്ചിയിൽ കൊട്ടേഷൻ വകയിൽ ക്ലബ്ബുകൾക്ക് കളിക്കാൻ നടക്കുന്നവൻ.

എന്നാലും ഇവമ്മാരെ മാത്രം കണ്ടോണ്ട് എങ്ങനാ ഒരു ടൂർണമെന്റിനു പോവുക, അതും തഞ്ചത്തിനു കിട്ടിയാൽ ഇൻഡ്യൻ ടീമിനെ വരെ വിറപ്പിക്കാൻ തക്ക കഴിവുള്ള കട്ടകൾ കൈവശമുള്ള കളമശ്ശേരി, മട്ടന്നൂർ, കാർമൽ പോളിടെക്നിക്കു ഗുണ്ടകളുടെ അടുത്തേയ്ക്ക്. അതായിരുന്നു എല്ലാവരുടേയും പ്രധാന ആശങ്ക. ഒടുവിൽ ഫ്രീ ടൈമുകളിൽ ക്ലാസ്സിലും കാന്റീനിലും റൂമിലുമെല്ലാം ഇതിനെ കുറിച്ചായി ചർച്ചകൾ.പീ.ടി എന്ന് എല്ലാവരും വിളിക്കാറുള്ള ഞങ്ങളുടെ പ്രിയ കായികാദ്ധ്യാപകൻ ഇടപെട്ട് നടത്തിയ ഒരു ചർച്ചയോടെ ആ അധ്യായം അവസാനിപ്പിക്കുകയും ഏതു വിധേനെയും ഒരു ഫുട്ബോൾ ടീം തട്ടിക്കൂട്ടി അക്കൊല്ലത്തെ ഇന്റർപോളി മീറ്റിൽ പങ്കെടുത്ത് കപ്പടിക്കണമെന്ന് (അഹങ്കാരം !!) തീരുമാനിക്കുകയും ചെയ്തു.

പിന്നെ കാര്യങ്ങളൊക്കെ വളരെ പെട്ടന്നായിരുന്നു. തീരുമാനം വന്നതോടെ ടീം സെലക്ഷൻ നടത്താനുള്ള അറിയിപ്പ് നോട്ടീസ് ബോർഡിൽ ഇട്ടു. അതിനായി ഒരു ദിവസവും തീരുമാനിച്ചു.

നാട്ടിലെ എണ്ണം പറഞ്ഞ ഫുട്ബോൾ കളിക്കാരായ ബെക്കാം സോണി,സെൽ‌വൻ,സിക്സർ ജേക്കപ്പൻ എന്നീ കട്ടകൾ ഉൾപ്പെടെ എട്ടൊൻപത് ‘ഹുഡ്ബോൾ’ കളിക്കാരേയും, നിരന്നു വളഞ്ഞു നിൽക്കുന്ന പത്ത് പതിനഞ്ച് തെങ്ങുകളേയും ഗ്രൌണ്ടിന്റെ ഒത്തനടുക്കുള്ള ഒരു എമണ്ടൻ അണ്ടിപ്പുളി മരത്തിനേയും വരെ പറ്റിച്ച് ലക്ഷക്കണക്കിന് ഗോളുകൾ അടിച്ച് കളിച്ചു വളർന്ന നമ്മൾക്കിതു വല്ലതും വല്ല പണിയാണോ? .... ഹൂം ...ചീളു കേസ് .. അതായിരുന്നു സെലക്ഷൻ എന്ന് കേട്ടപ്പോൾ നമുക്ക് തോന്നിയ വികാരം.

ഒരു വെള്ളിയാഴ്ച ഉച്ചയടുപ്പിച്ച് സെലക്ഷൻ തുടങ്ങി. കളിയറിയാവുന്നവരിൽ പ്രശസ്തർ എന്ന ക്വാളിഫിക്കേഷനിൽ ശ്രീനിയും നിസ്സാമും തന്നെ സെലക്ഷന്റെ മാനദണ്ഡങ്ങൾ തീരുമാനിച്ചു. കൂട്ടത്തിൽ കൊള്ളാമെന്ന് അവർക്ക് തോന്നിയ മൂന്ന് നാലുപേരെ ആദ്യമേ തന്നെ മാറ്റി നിർത്തി. ബാക്കിയുള്ളവർക്കായി സെലക്ഷൻ തുടങ്ങി.വെളുത്ത പഞ്ചാര മണല് നിറഞ്ഞ ഗ്രൌണ്ടിന്റെ ഒരറ്റം മുതൽ മറ്റെയറ്റം വരെ രണ്ട് തവണ ഓടാൻ ആമ്പിയറുള്ള എവനും സെലക്ഷനിൽ പങ്കെടുക്കാം, വിജയിക്കാം, ഗളിക്കാരനാകാം. വന്നവരിൽ മുക്കാലും ആ ക്രൈറ്റീരിയായിൽ തട്ടി മൂക്കും കുത്തി വീണു. കാരണം, സൂര്യൻ പോലും റെസ്റ്റെടുക്കുന്ന ആ നട്ടപ്പൊരി വെയിലത്ത് പടപണ്ടാരം പോലത്തെ ആ ഗ്രൌണ്ടിൽ അത്രയും ദൂരം ഓടുക എന്നത് ഒരുവിധം സ്റ്റാമിനയുള്ള പാർട്ടികൾക്ക് നടക്കുന്ന പണിയൊന്നുമല്ലായിരുന്നു. ഓടി നോക്കിയ ഞാനുൾപ്പടെ ഒരു പത്ത് പേരെ ഷോർട്ട്ലിസ്റ്റ് ചെയ്തു. ഫ്രീ കിക്കെടുക്കടാ...... ന്നു പറഞ്ഞ നിസ്സാമിനോട് അതെന്തുവാ ........ ന്ന് ചോദിച്ച ധനേഷുവരെ ടീമിൽ !. ഗോൾ കീപ്പർമാരെ തിരഞ്ഞെടുക്കാനായി വേറൊരു എമണ്ടൻ ടെക്നിക്ക് ! . കൂട്ടത്തിൽ ഉന്നത ‘തല‘സ്ഥാനീയരായ അരിയേതാ പ‌‌‌‌--യേതാ എന്നറിയാൻ വയ്യാത്ത മൂന്നു നാലു പേരെ ഗോൾപോസ്റ്റിന്റെ അടിയിൽ മാറ്റിനിർത്തി ഓരൊരുത്തർക്കും പത്ത് പെട വീതം (പെനാൾറ്റി കിക്ക്) കൊടുത്തു. കൂടുതൽ അടി തടയൽ നടത്തിയ രണ്ടുപേർ സെലക്റ്റഡ്.. പത്തിൽ രണ്ട് തടുത്ത നജീമും ഒന്ന് തടുത്ത വിമലും !.. നജീം മയിൻ ഗോളി വിമൽ സബ്. അങ്ങനെ ടീം സെലക്ഷൻ ആയി.

സെലക്ഷൻ കിട്ടിയ എല്ലാ ‘കായികതറ‘ കൾക്കും പ്രാക്സീസ് ഉള്ള ദിവസങ്ങളിൽ ബ്രെയ്ക്ഫാസ്റ്റും വൈകിട്ട് പൊറോട്ടയും ബീഫും ചായയും കാന്റീൻ വഴി ഏർപ്പാടാക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. ഓസിന് ബീഫടിക്കാം എന്നത് കൊണ്ടു മാത്രം ഭാഗ്യം പരീക്ഷിച്ച, ജീവിതത്തിൽ ഇതുവരെ ഫുട്ബോൾ കാലു കൊണ്ടോ കൈ കൊണ്ടോ തൊടാത്ത കുറെ പാഴുകളും (ഞാനല്ല !....) ഓടാനുള്ള സ്റ്റാമിന ഉണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം അങ്ങനെ ടീമിൽ ഇടം നേടി.

സെലക്ഷൻ കിട്ടിയതോടെ നടത്തത്തിലും ഭാവത്തിലും വേണ്ട അഡ്ജസ്റ്റ്മെന്റുകൾ ചെയ്യാൻ നമ്മൾ പ്രത്യേകം ശ്രദ്ധിച്ച് പോന്നു. വെറുതെ നടക്കുമ്പോൾ ‘മാണ്ടാ...’ ന്ന് പറയുന്നപോലെ തലവെട്ടിക്കുക, താഴെകിടക്കുന്ന കല്ലോ കട്ടയോ അടിച്ച് പറത്തുക (കാല് നാലു പ്രാവശ്യം കീറിയെന്ന് !) , ഇടയ്ക്കിടെ പെപ്സി ഓർ കൊക്ക കോള കുടിക്കാൻ തോന്നുമ്പോൾ കൂളറിൽ പോയി പച്ചവെള്ളം കുടിക്കുക, മാടു ചവക്കുന്ന പോലെ എപ്പോഴും 'റിഗ്ലീസ്' ചവയ്ക്കുക തുടങ്ങി സാധാരണ ടീവിയിൽ കണ്ടിട്ടുള്ള, കളിക്കാരുടെ കമ്പ്ലീറ്റ് ജാഡകളും. മൊത്തത്തിൽ ഒരു ‘ഫുട്ബോളർ ഓഫ് ദ ഇയർ‘ സ്റ്റൈൽ.

ദിവസേനെയുള്ള റൂമിലെയും ക്ലാസ്സിലേയും വെടിവെട്ട ചർച്ചകളിലെല്ലാം പെലെയും മറഡോണയും ഗുള്ളിറ്റും ബെർക്കാമ്പും വിജയനും ജോപോളും പന്തുതട്ടി നടന്നു. അവരൊക്കെ ആരാണെന്നറിയാൻ ഒരുദിവസം വൈകിട്ട് ഇന്റർനെറ്റ് കഫേ വരെ പോകേണ്ടി വന്നെങ്കിലും നമ്മളും ചർച്ചകളിലെല്ലാം ഇടിച്ച് ഇടിച്ചു തന്നെ നിന്നു.

പിന്നങ്ങോട്ട് പ്രാക്റ്റീസല്ലായിരുന്നോ...മസിലു കോച്ചുന്ന പ്രാക്റ്റീസ്... ദിവസേനെ വെളുപ്പിനെ എഴുന്നേറ്റ് ഓടൽ, ചാടൽ, പന്ത് കാലുകൊണ്ട് തോണ്ടി തലയിൽ കേറ്റൽ, പന്തിന്റെ പെടലിക്ക് മുട്ടുകാലു കേറ്റി ചാമ്പൽ, അതി കഠിനമായി ദൂരേയ്ക്ക് അടിച്ച് പറത്തൽ, തലക്കിടി, കൂമ്പിനിടി, കൂന കൂട്ടിയ മണ്ണിന്റെ പുറത്ത് പന്ത് വെച്ച് ഗോൾ പോസ്റ്റിൽ ഉന്നം പിടിച്ച് തോന്നിയിടത്തോട്ട് അടിക്കൽ, ഓടിവരുന്ന എതിരാളിയുടെ മാ‍ത്രഭൂമി കലക്കി മനോരമയാക്കൽ, ഞൊട്ടങ്കാലിട്ട് വീഴ്ത്തൽ അങ്ങനെയിങ്ങനെ പന്തുകൊണ്ട് ചെയ്യാവുന്നതും അല്ലാത്തതുമായ എല്ലാ അഭ്യാസങ്ങളും രണ്ടാഴ്ച്ച നീണ്ടു നിന്ന ആ കളരി കം ശില്പശാലയിൽ അരങ്ങേറി.

സഹ മുറിയനായ ജിമ്മിക്കും ജന്മനാ പന്തു തട്ടാൻ കഴിവുണ്ടായിരുന്നതിനാൽ അവനും ടീമിൽ ഓടി ഇടം നേടിയിരുന്നു. ഓസിനു കിട്ടിയാൽ ഓസ്കാർ അവാർഡുവരെ തിന്നുന്ന പാർട്ടിയാണ്. രാവിലത്തെ കസർത്തെല്ലാം കഴിഞ്ഞ് ഏതാണ്ട് ഒരു ഏഴ് ഏഴര ആകുമ്പോഴേയ്ക്കുംസ്വിച്ചിട്ടപോല കളിയെല്ലാം നിർത്തി, സെലക്ഷന്റെ അന്ന് ഓടിയതിന്റെ പത്തിരട്ടി സ്പീഡിൽ ഗ്രൌണ്ടിൽനിന്ന് കാന്റീനിലേയ്ക്ക് പറന്ന് പുട്ടും കടലയും ദോശയും ചമ്മന്തിയും അപ്പവും മുട്ടക്കറിയുമൊക്കെ നിമിഷ നേരം കൊണ്ട് ചാമ്പലാക്കി അവിടുന്നും പറന്ന് റൂമിലെത്തി മെസ്സിലെ ആവിപറക്കുന്ന വെള്ളയപ്പവും ഈച്ച പറക്കുന്ന പീസുകറിയും നിമിഷ നേരം കൊണ്ട് തീർത്ത് (365 ദിവസവും അതു തന്നെയായിരുന്നു ഞങ്ങളുടെ ബ്രെയ്ക്ഫാസ്റ്റ്) , ബാക്കി സമയം ഉണ്ടെങ്കിൽ കുളിച്ച് പിന്നേയും ടൈം ഉണ്ടേൽ പല്ലും തേച്ച് ഒൻപത് മണിയോടെ, ഉച്ചയ്ക്കുള്ള തീറ്റയ്ക്ക് എന്തായിരിക്കും എന്ന ആലോചനയോടെ ക്ലാസ്സിലേയ്ക്ക് സ്കൂട്ടാവുക. ഇതായിരുന്നു ആ കാലയളവിലെ എന്റേയും ജിമ്മിയുടേയും രാവിലത്തെ ടൈം ടേബിൾ. ആദ്യമാദ്യം 5.30നു അലാറം വെച്ച് എന്റൊപ്പം പ്രാക്റ്റീസിനു വന്നിരുന്ന ജിമ്മി പിന്നെ പിന്നെ രാത്രി തന്നെ ഷോട്സും ടീ ഷർട്ടുമൊക്കെ ഇട്ട് , രാവിലത്തെ കാന്റീനിലെ മെനുവിനെ സ്വപ്നം കണ്ട് കിടന്നുറങ്ങി, കറക്റ്റ് 7.30 ആകുമ്പോൾ അലാറം വെച്ച് എണീറ്റ് നേരിട്ട് കാന്റീനിലേയ്ക്ക് എത്താൻ തുടങ്ങി !.

ക്യാമ്പിന്റെ അവസാന ദിവസങ്ങളിൽ ഒന്നിൽ പ്രാക്റ്റീസിന്റെ പുരോഗതി അവലോകനം ചെയ്യാനായി അതിരാവിലേ എഴുന്നേറ്റ് മഞ്ഞ് കൊണ്ട് 12 കിലോമീറ്റർ ഹോണ്ടാ ആക്റ്റിവാ ഓടിച്ച് വന്ന പീ.ടി ഗ്രൌണ്ടിൽ ആകെ കണ്ടത് നാലേ നാലു പേരെ. അവന്മാരാകട്ടെ ഗോൾപോസ്റ്റ് വലയ്ക്കകത്ത് കൊന്തക്കാലേൽ കുത്തിയിരുന്ന് ബീഡി വലിക്കുന്നു!! . ആക്റ്റിവായിൽ വന്ന പീ.ടി ഉടൻ തന്നെ ഹൈപ്പർ‌ആക്ടീവ് ആയെന്നും കയ്യിൽ കിട്ടിയ നാലെണ്ണത്തിന്റെയും പിതാമഹന്മാരെ കുറിച്ച് പന്തുവരാളി രാഗത്തിൽ ഒരു കീർത്തനം പാടിയെന്നും ആ പഴയ വാഴക്രിഷിയെ ഓർമിപ്പിക്കുകയും ചെയ്യുകയുണ്ടായെന്നും വരെ വാർത്തകൾ വന്നു.. ആർക്കറിയാം..

രണ്ടാഴ്ച്ചത്തെ തീറ്റ കം കോച്ചിംങ്ങ് ക്യാമ്പ് കഴിഞ്ഞപ്പോഴേയ്ക്കും എല്ലാ കായിക പ്രതിഭകളും ലീവുകഴിഞ്ഞ് തിരിച്ച്‌വന്ന ഗൾഫുകാരന്റെ പരുവത്തിലായെന്ന് പോളിയിൽ മൊത്തത്തിൽ ഒരു അടക്കം പറച്ചിൽ. ആരാണ്ടിന്റെയൊക്കെ തടി ഇരട്ടിവരെയായത്രേ !. എനിക്ക് തോന്നിയില്ല .. വെറുതെ കിട്ടുന്ന പുട്ടും കടലയും തിന്നാൽ ഇത്രയും തടി വെയ്ക്കുമോ ? .. പച്ചക്കള്ളം ... അസൂയാലുക്കൾ പറഞ്ഞുണ്ടാക്കിയതായിരിക്കും. പുട്ടടി ടീമിൽ ഇടം കിട്ടാത്ത അസഹിഷ്ണുക്കൾ തെണ്ടികൾ അല്ലെങ്കിൽ തന്നെ ഞങ്ങൾ, കായിക താരങ്ങളെ പറ്റി ഒരിക്കലും നല്ലതു പറഞ്ഞിട്ടില്ല.

കോച്ചിങ്ങ് ക്യാമ്പും തീറ്റ മത്സരവും എല്ലാം കഴിഞ്ഞ് കളിക്കു പോകാൻ രണ്ട് ദിവസം ബാക്കിയുള്ളപ്പോഴാണ് ടീമിന്റെ ജേഴ്സിയുടെ കാര്യം ഓർമ്മ വന്നത്. ശ്രീനി ഉടൻ തന്നെ പീടിയെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. ‘അതൊക്കെ നിങ്ങൾ എനിക്ക് വിട്ടേരേ..‘ എന്നൊരു മറുപടിയും കിട്ടിയിരുന്നു. അങ്ങനെ ഒരു ഉറപ്പ് നിലവിലുള്ളതിനാലും പീ.ടിയുടെ കായികപരമായ ശുഷ്കാന്തി നേരിട്ടറിവുള്ളതിനാലും ഞങ്ങളാരും തന്നെ ജേഴ്സിയുടെ കാര്യം ഡൺ എന്നു തന്നെ കരുതി. അവസാനം, കളിക്ക് പോകുന്നതിന്റെ തലേന്ന് വൈകിട്ടാണ് ഞാനുൾപ്പെടെ ടീമിലെ 14 പേരും അന്നാദ്യമായി നേരിൽ കണ്ട, ഞങ്ങളുടെ പോളിയിലെ ആദ്യത്തെ ‘ഫുട്ബോൾ ഡ്രസ് കിറ്റ്’ പീ.ടി അനാവരണം ചെയ്തത്.

11 ടീഷർട്ട്, 11 നിക്കർ. എല്ലാം ഒരേ സൈസ് !!!.. കടുത്ത വെള്ളാപ്പള്ളി കളറിലെ ടീ ഷർട്ടും (വിത്ത് മുതുകത്ത് നമ്പർ, നെഞ്ചത്തെ കോണകം പോലത്തെ എംബ്ലം) മീറ്ററിന് 15 രൂപ വിലയുള്ള കടുംനീല പളപളപ്പൻ തുണി വെട്ടിക്കണ്ടിച്ച് അൻപതു പൈസയുടെ ഇലാസ്റ്റിക് ഇട്ട് തുന്നിയ, പഴയ വടി പോലീസിനെ ഓർമ്മിപ്പിക്കുന്ന നിക്കറും. ആറരയടി പൊക്കമുള്ള നജീമിനും കഷ്ടി അഞ്ചടിയുള്ള

റോജിക്കും ഒരേ നിക്കർ .. ഒരേ ടീ ഷർട്ട് !! പഷ്ട്ട്.... ഇതു കണ്ടതും ശ്രീനി എഴുന്നേറ്റ് മെക്കാനിക്കൽ വർക്ഷോപ്പിന്റെ അടുത്തുള്ള കാറ്റാടി മരത്തിന്റെ അടുത്തേയ്ക്ക് മാറി നിൽക്കുന്നതും കറച്ചുകഴിഞ്ഞ് അതിലിരുന്ന രണ്ടു കാക്കകൾ അപ്പിയിട്ടോണ്ട് പാഞ്ഞുപറക്കുന്നതും ഞാൻ ശ്രദ്ധിച്ചു. കാക്കയാണേലും ഒരുത്തന്റെ തന്തയ്ക്കു വിളിക്കുന്നത് എത്ര നേരമെന്നു വെച്ചാ കേട്ടോണ്ടിരിക്കുക ..

പീ.ടി ക്ക് തെറ്റുപറ്റിയിരിക്കുന്നു !. ഇനി ഫുട്ബോളിൽ എത്ര പേരു കളിക്കാറുണ്ടെന്നു പീ.ടി ക്ക് അറിയില്ലായെന്നുണ്ടോ? ഹേയ് ..കായിക അദ്ധ്യാപകനല്ലേ അതങ്ങനെയാവാൻ വഴിയില്ല .പിന്നെ ഇതെങ്ങനെ സംഭവിച്ചു ? ചോദിക്കാൻ ഒരു കുഞ്ഞിനും ധൈര്യം പോര .11 പേരു കളിക്കാനിറങ്ങും. അപ്പോ സബ്സ്റ്റിറ്റ്യൂട്ടുകൾക്കിടാനോ ? ടീ ഷർട്ടും ഇല്ല നിക്കറും ഇല്ല.. ഇനിയിപ്പോ ഇതുപോലത്തെ ഉണ്ടാക്കിയെടുക്കാൻ സമയവുമില്ല. ഇനിയെന്തു ചെയ്യും ?

അവമ്മാരിടണ്ട.. ഒരുത്തനു എന്തേലും പറ്റിയാൽ മാത്രം സബിനെ ഇറക്കിയാ മതി.‘ - പീ.ടി
അപ്പോൾ കേറുന്നവൻ എന്തിടും സാറേ ?‘ - സബ് ആകാൻ സാധ്യതയുള്ള ഒരു കായിക പ്രതിഭ
'ഇറങ്ങുന്നവന്റെ ഊരി കേറുന്നവനിടാം. ‘ - പീ.ടി
ഡ്രെസ് എവിടെ നിന്നു മാറും?? ‘ - അതേ പ്രതിഭ വീണ്ടും
അതിനുള്ള മറുപടി തിരിച്ചൊരു ചോദ്യമായിരുന്നു
.
‘ അങ്ങ് കോ..........ൽ പോയി മാറും.. മതിയോ ?’ - പീ.ടി
മതി. ഇതങ്ങ് നേരത്തെ പറഞ്ഞാ പോരായിരുന്നോ ?? ഈ സാറിന്റെ ഒരു കാര്യം...’ - അതേ പ്രതിഭ അവസാനമായി

അതോടെ സംശയങ്ങൾ എല്ലാം തീർന്നു ...

അങ്ങനെ ഒരു വിധം ടീ ഷർട്ടും നിക്കറും ഒപ്പിച്ച് വന്നപ്പോഴേയ്ക്കും ദാണ്ട്രാ അടുത്ത പ്രശ്നം !!. കാലിലിടാൻ സ്പൈക് എന്ന് വിളിക്കുന്ന ഷൂസു വേണ്ടേ ? അതെവിടെ ? അഡിഡാസിന്റേയും

നൈക്കിന്റേയും ലോട്ടോയുടേയുമൊക്കെ സ്പൈക്കിട്ട് പാഞ്ഞ് കീറി വരുന്ന എതിരാളിയുടെ ചവിട്ട് കൊണ്ട് കണങ്കാലു ചാപ്സാവാതിരിക്കാൻ ധരിക്കുന്ന ഗാർഡെവിടെ ? ഇതൊന്നുമില്ലാതെ ഫുട്ബോളുകളിക്കാനോ !! ? അസംഭവ്യം.....പള്ളീപ്പറഞ്ഞാ മതി.. എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു.

ഒള്ളതു കൊണ്ടോക്കെ ഒരു വിധം ഒപ്പീരടേ .. ഇതു തന്നെ ഉണ്ടാക്കിയ പാട് ദൈവത്തിനും എനിക്കും പിന്നെ ടൈലറു ജോസിക്കും മാത്രമറിയാം. പിന്നീടാ‍ അവന്റെയൊക്കെ ഒരു സ്പൈക്ക്.’ പീടിയുടെ ശബ്ദത്തിന് ചെറിയൊരു മാറ്റം.

കാര്യം കാന്റീനിലെ ഫുഡിന്റെ കാര്യത്തിൽ ലാവിഷായിരുന്നെങ്കിലും (അതിന് എന്തരോ ഒരു ഗ്രാന്റ് ഉണ്ടായിരുന്നത്രേ !!.. ദൈവമേ... പുട്ടിനും കടലയ്ക്കും വരെ ഗ്രാന്റോ? . ! ) ബാക്കി വേണ്ട സൌകര്യങ്ങൾക്കു വേണ്ടി പൈസാ ചിലവാക്കാനും വേണ്ടിയൊന്നും ഞങ്ങളുടെ കോളേജിന്റെ സാമ്പത്തിക നില അത്ര മെച്ചമൊന്നും ആയിരുന്നില്ല.

പീ.ടി യുടെ തലയിൽ തന്നെ ഉദിച്ച വേറൊരു ഒരു ഐഡിയായിൽ ആ പ്രശ്നവും അങ്ങനെ സോൾവാക്കി. ഞങ്ങളുടെ മുൻപത്തെ ബാച്ചിൽ ഓടാൻ അറിയാവുന്ന രണ്ടുമൂന്ന് ഓട്ട പ്രതിഭകൾ ഉണ്ടായിരുന്നതിനാൽ തലേ വർഷം അവന്മാർ ഉപയോഗിച്ചിരുന്ന നാലഞ്ച് സെറ്റ് സ്പൈക്ക് സ്റ്റോർ റൂമിൽ എവിടെയെങ്കിലും കാണാൻ വിദൂര സാദ്ധ്യതയുണ്ടെന്ന് മനസിലാക്കി അതു തപ്പിയെടുത്ത് കുറച്ചുപേർക്ക് അഡ്ജസ്റ്റ് ചെയ്യാമെന്നും, ബാക്കിയുള്ളവർക്ക് പത്തോ അമ്പതോ ഉറുപ്യ കൊടുത്ത് സാദാ ക്യാൻ‌വാസ് ഷൂസ് എവിടുന്നേലും വാങ്ങിക്കാമെന്നും ധാരണയായി. പിന്നെ ലെഗ് ഗാർഡിന്റെ കാര്യം;

അതു വേണ്ട.!!! വേണ്ടെന്നു പറഞ്ഞാ വേണ്ട !!.. വലിയ മേലനങ്ങുന്ന കളിയൊന്നും എന്തായാലും നീയൊന്നും കളിക്കില്ല.. വല്ലവന്റേയും മുൻപിൽ ചവിട്ട് കൊള്ളാൻ പോയി കാലും പൊക്കിപ്പിടിച്ചോണ്ട് നിക്കാണ്ടിരുന്നാ മതി. ഇനി അതിനും കൂടി ചെലവാക്കാൻ നമ്മടെ കയ്യിൽ അത്രയ്ക്കൊന്നുമില്ല.. ‘

സാറേ എന്നാലും കാല് ...........’ - ഒരു ഡിഫന്റർ
അവന്റെ ഒരു കാലും കോലും......... വേണേൽ പോയി കളിയടേയ് ....’

(കാര്യം അങ്ങനെയൊക്കെ പറഞ്ഞെങ്കിലും പീടി വളരെ സ്നേഹമുള്ളവനായിരുന്നു. പിറ്റെന്നുതന്നെ ആരെയൊക്കെയോ ഏർപ്പാടു ചെയ്ത് അഞ്ചു ടീഷർട്ടും അഞ്ച് ഷോട്സും കാൻ‌വാസ് ഷൂസും എവിടെ നിന്നോ സംഘടിപ്പിച്ചു വന്നു.)

രാവിലെ തന്നെ ഫുട്ബോൾ കളിയുടെ ഷെഡ്യൂൾ ഓഫീസിൽ ഫാക്സായി വന്നു. കോട്ടയം CMS കോളേജ് ഗ്രൌണ്ടിലാണ് കളി. തുടക്കം മുതലേ നോക്കൌട്ട് റൌണ്ടുകൾ. പിറ്റേന്ന് രാവിലെ 7.30 നു ആദ്യത്തെ കളി ഞങ്ങൾക്ക് !. ഇടിവെട്ടിയവന്റെ തലയിൽ കാക്ക തൂറിയെന്ന് പറഞ്ഞ പോലെ എതിരാളികൾ കളമശ്ശേരി !. ഇന്റർ പോളി സ്പോർട്സ് മേളകളിലെ ഖടാഖടികന്മാർ !...

ങ്ഹാ.... ഇനിയിപ്പോ പെരുമ്പാവൂരായാലെന്ത് കളമശ്ശേരിയായാലെന്ത്... പൊട്ടാനുള്ളതു വഴിയിൽ തങ്ങില്ലല്ലോ ... വരുന്നിടത്ത് വെച്ച് കാണാം’ - പീ.ടിയുടെ വക ആത്മഗതം..

കോട്ടയത്ത് ചെന്ന് കോളേജിന്റെ അടുത്ത് എവിടെയെങ്കിലും ഒരു ലോഡ്ജിൽ മുറിയെടുക്കുക, ആ രാത്രി അവിടെക്കൂടുക, പിറ്റേന്ന് രാവിലെ കളി തോറ്റുകഴിഞ്ഞ് ഉച്ചയോടെ മടക്കം ഇതായിരുന്നു പോരുമ്പോഴേ ഗെയിം പ്ലാൻ. എറണാകുളത്ത്ന്ന് ശ്രീനിയെ കൊണ്ട് വാങ്ങിപ്പിച്ച നിവിയേടെ രണ്ട് ഫുട്ബോൾ, ഫുട്ബോൾ ഡ്രസ്സുകൾ, ഓരോ കൈലി, ഓരോ ടീഷർട്ട്, എല്ലാവർക്കും കൂടി ഉരയ്ക്കാൻ ഒരു സിന്തോൾ സോപ്പ്, ശീലം ഉള്ളവർക്ക് പല്ലുതേക്കാൻ നാലു രൂപാ ഇരുപത്തഞ്ചു പൈസേടെ ബബൂൽ ടൂത്ത്പേസ്റ്റ് ഇത്രയും സാധനങ്ങളാണ് ടീമിന്റെ മൊത്തം ലഗേജ്. ടീമിന്റെ മാനേജർ കം ഒഫിഷ്യൽ കം കോച്ച് കം കോ-ഓർഡിനേറ്റർ പീ.ടി. അന്നു വൈകിട്ട് അഞ്ചുമണിയോടെ, സകല അദ്ധ്യാപകരേയും സഹപാഠികളേയും സാക്ഷിനിർത്തി ഞങ്ങളുടെ പോളിയിലെ ആദ്യത്തെ ഫുട്ബോൾ ടീം കോട്ടയം എന്ന മഹാ നഗരത്തിലേയ്ക്കു ALP345 നമ്പർ K.S.R.T.C ബസിൽ കയറി ആളൊന്നുക്ക് 14 രൂപ 50 പൈസ ടിക്കറ്റെടുത്തു.edit post

8 Reply to "ഗോൾ !! – പാർട്ട് ഒന്ന്"

ആർപീയാർ | RPR on April 12, 2009 at 5:22 AM

(ഇതു തന്നെ സഹിക്കാൻ വലിയ പാടാണ്. നിങ്ങളെ ഒറ്റയടിക്ക് ബോറടിപ്പിച്ച് കൊല്ലാൻ താല്പര്യമില്ലാത്തതിനാൽ രണ്ടു പാർട്ടാക്കുന്നു.)

 

ധൃഷ്ടദ്യുമ്നൻ on April 12, 2009 at 6:13 AM

വായിക്കാൻ രസമുണ്ട്‌..രണ്ടാം ഭാഗം എത്രയും വേഗം എഴുതുമല്ലൊ?

 

യാരിദ്‌|~|Yarid on April 12, 2009 at 8:29 AM

ബോറിംഗില്ല, നല്ല ഒഴുക്കുള്ള എഴുത്ത്..:)

 

ഷമ്മി :) on April 13, 2009 at 12:02 AM

കൊള്ളാം അടുത്ത ഭാഗം പോരട്ടെ..

 

ആർപീയാർ | RPR on April 13, 2009 at 1:55 AM

ധൃഷ്ടദ്യുമ്നനാ,
യാരിദ്‌,
ഷമ്മി ... ബോറടിച്ചില്ല എന്നറിഞ്ഞതിൽ സന്തോഷം. ബാക്കി ഉടൻ തന്നെ ഇടാമെന്ന് പ്രതീക്ഷിക്കുന്നു..
നന്ദി..

 

ശ്രീ on April 13, 2009 at 6:49 AM

ഹെന്റെ മാഷേ...
ചിരിച്ച് കൊണ്ടാണ് വായിച്ചെത്തിച്ചത്. നല്ല ശൈലി... നല്ല ഇന്ററസ്റ്റിങ് ആയി വന്നപ്പഴേയ്ക്കും ഒന്നാം ഭാഗം തീര്‍ന്നു.

കുറേ ഭാഗങ്ങള്‍ എടുത്തെഴുതാന്‍ ഉണ്ട്, എന്നാലും ഏറ്റവും ചിരിപ്പിച്ച ഭാഗം എടുത്ത് ക്വാട്ടുന്നു.
“ആക്റ്റിവായിൽ വന്ന പീ.ടി ഉടൻ തന്നെ ഹൈപ്പർ‌ആക്ടീവ് ആയെന്നും കയ്യിൽ കിട്ടിയ നാലെണ്ണത്തിന്റെയും പിതാമഹന്മാരെ കുറിച്ച് പന്തുവരാളി രാഗത്തിൽ ഒരു കീർത്തനം പാടിയെന്നും ആ പഴയ വാഴക്രിഷിയെ ഓർമിപ്പിക്കുകയും ചെയ്യുകയുണ്ടായെന്നും വരെ വാർത്തകൾ വന്നു.. ആർക്കറിയാം...”

അതു പോലെ
“കോട്ടയത്ത് ചെന്ന് കോളേജിന്റെ അടുത്ത് എവിടെയെങ്കിലും ഒരു ലോഡ്ജിൽ മുറിയെടുക്കുക, ആ രാത്രി അവിടെക്കൂടുക, പിറ്റേന്ന് രാവിലെ കളി തോറ്റുകഴിഞ്ഞ് ഉച്ചയോടെ മടക്കം” എത്ര സിമ്പിള്‍ പ്ലാന്‍ ;)

ബാക്കി എഴുതൂ... :)

 

കല്യാണിക്കുട്ടി on April 20, 2009 at 10:21 PM

maashe...kalakki.................nalla flow ulla ezhuthu..............
really funny.................chirichu chirichu manushan oru paruvamaayi.............

 

unnimol on April 22, 2009 at 2:04 AM

CHIRICHU CHIRICHU MANNU KAPPI:))))