ഗോൾ !! – പാർട്ട് രണ്ട് (12)

9:44 PM by , under

കോളേജിന്റെ തൊട്ടടുത്തുതന്നെയുള്ള ഒരു ലോഡ്ജിൽത്തന്നെ റൂം കിട്ടി. എത്തിയപ്പോഴേ സമയം എട്ടര ഒൻപത്. കെട്ടും കിടക്കയും താഴെയിറക്കി നേരേ പോയി അടുത്തു കണ്ട ഹോട്ടലിൽ കയറി മസാല ദോശയ്ക്കും ചായക്കും ഓർഡർ കൊടുത്തു. ആകെ ക്ഷീണിച്ചിരിക്കുന്നു. മൂന്നുനാലു മണിക്കൂർ യാത്ര, അലച്ചിൽ, വിശപ്പ്... മൊത്തത്തിൽ ഒരു വല്ലായ്ക. തീറ്റ കഴിഞ്ഞ് റൂമിൽ ചെന്ന പാടെ കിട്ടിയ ഒരു കട്ടിലിൽ കയറി ഞാൻ സ്റ്റിക്കറായി.

പിന്നെ രാത്രി മുഴുവൻ നീണ്ട ചർച്ചകൾ, വെള്ളമടി, ചീട്ടുകളി, വൈരുധ്യാത്മക ലൈംഗിക വാദങ്ങൾ, നാലാം ലോക സിദ്ധാന്തങ്ങൾ പിറ്റേന്നത്തെ കളിയെ പറ്റി മാത്രം ആരും സംസാരിച്ച് കേട്ടില്ല.. പീ.ടി ഏതോ അടുത്തുള്ള ഒരു പരിചയക്കാരന്റെ വീട്ടിലേയ്ക്ക് പോയെന്നും അതി രാവിലെ തന്നെ എത്തിക്കോളുമെന്നും ഇതിനിടയിൽ ആരൊക്കെയോ പറയുന്നതും കേട്ടു. കുറേ നേരം തടഞ്ഞു നിർത്തിയ ഉറക്കം എപ്പോഴോ എന്നെ കീഴടക്കി..

പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക് അലാറം വെച്ച് എഴുന്നേറ്റ് ശ്രീനി ഓരോരുത്തരെയായി കുത്തിപ്പൊക്കി. എണീറ്റ ഉടൻ പീ.ടി വന്നോയെന്ന് അന്വേഷിച്ചു . ഇല്ല.. വന്നിട്ടില്ല.. രാത്രി മുങ്ങിയ പീ.ടിയുടെ ഒരു വിവരവുമില്ല . നേരത്തെ കിട്ടിയ അറിയിപ്പു പ്രകാരം രാവിലെ ഏഴുമണിക്ക് ഗ്രൌണ്ടിൽ റിപ്പോർട്ട് ചെയ്യണം. അതും കളിക്കാൻ പാകത്തിന്. എല്ലാവരും ബേജാറിൽ. കയ്യിൽ അഞ്ചിന്റെ പൈസയില്ല. തപ്പി പെറുക്കിയാൽ രാവിലെ ചായ കുടിക്കാനും കഴിക്കാനുമുള്ള വക കാണും. ബാക്കി കാര്യങ്ങൾ എന്തെങ്കിലും നടക്കണേൽ പീടി തന്നെ ശരണം. കളിക്കിടയിൽ കുടിക്കാനുള്ള ഡ്രിങ്ക്സ്, തീറ്റ ഇതിനൊക്കെ വേറേ മാർഗമൊന്നുമില്ല. ‘ഞാൻ എല്ലാം ഏറ്റു‘ എന്ന പീ.ടി വക ഉറപ്പിന്മേൽ ആരും കയ്യിൽ ഒന്നും കാര്യമായി കരുതിയുമിരുന്നില്ല (ഇരുന്നിട്ട് വേണ്ടേ കരുതാൻ). ആകെ ടെൻഷൻ...

ചായ കുടിക്കാൻ പുറത്തിറങ്ങി. ലോഡ്ജിൽ നിന്ന് കോളേജ് ഗ്രൌണ്ടിലേയ്ക്ക് പത്ത് മിനിട്ട് നടത്തമേയുള്ളൂ. കളിച്ച് മറി(രി)ക്കാൻ പോകുന്ന മൈതാനം കണ്ടുകളയാം എന്നാരോ പറഞ്ഞതിൻ പ്രകാരം ചായകുടി വേഗം അവസാനിപ്പിച്ച് ഗ്രൌണ്ടിലേയ്ക്ക് നടന്നു. രാത്രി കിടന്നുറങ്ങിയ വേഷത്തിൽ തന്നെയാണ് പോക്ക്. പല്ലുപോലും തേച്ചിട്ടില്ല. മടക്കി കുത്തിയ കള്ളി മുണ്ടും ബനിയനും ബർമുഡയുമൊക്കെയാണ് വേഷം. ചിലവന്മാരുടെ ചുണ്ടിൽ കത്തിച്ച ദിനേശ് ബീഡി, തലയിൽ ചുറ്റിക്കെട്ടിയ തോർത്ത് .

സമയം ഏതാണ്ട് ആറുമണി ആവുന്നു. സൂര്യൻ തല കാണിച്ച് തുടങ്ങുന്നതേയുള്ളൂ. മങ്ങിയ കാഴ്ച, നേരിയ വെളിച്ചം. ആ വെളിച്ചത്തിലും ദൂരെ നിന്നേ കാണാം തറനിരപ്പിൽ നിന്ന് താഴ്ന്നു കിടക്കുന്ന മനോഹരമായ മൈതാനം. നാലു ചുറ്റും ചെങ്കല്ല് വെട്ടിനിരത്തി സിമന്റിട്ട് വാർത്ത ഗാലറി. ചോക്കു പൊടി കൊണ്ട് അതിരുകൾ അടയാളപ്പെടുത്തി, കടും ചുകപ്പ് നിറത്തിൽ കളിക്കാരെ കാത്തുകിടക്കുന്ന വിശാലമായ കളിക്കളം.ഞാനുൾപ്പെടെ ഒരുപാട് പേർക്ക് അത്തരതിൽ ഒന്ന് നാടാടെയുള്ള അനുഭവം. മൊത്തതിൽ അടിപൊളി... ഗാലറിയുടെ മുകൾത്തട്ടിലെ വരിയിലൂടെ ഒറ്റത്തവണ ഒന്നു മൈതാനത്തെ വലം വെച്ചു.. സംഗതി വിചാരിച്ച മട്ടല്ല. ഉദ്ദേശിച്ചതിനേക്കാൾ വലുപ്പം. കളിക്കുന്നേൽ ഇതുപോലത്തെ ഗ്രൌണ്ടിൽ കളിക്കണം. എന്താ ഒരു ഗമ... ഒരു കറക്കം കഴിഞ്ഞ് താഴെയിറങ്ങി മൈതാനത്തൂടെ ഒന്നു നടന്നു. പലരുടേയും മുഖത്ത് അതിശയം.. അങ്കലാപ്പ്... വെകളി...

പിച്ച് പരിശോധനയെല്ലാം കഴിഞ്ഞ് സിമന്റ് ഗാലറിയിലെ ആദ്യ പടവിൽ നിരന്ന് കുത്തിയിരുന്നു. ചിലർ പ്ലാസ്റ്റിക് കപ്പിൽ വാങ്ങിയ ചായ കുടിക്കുന്നു, മറ്റുചിലർ ബീഡി വലിക്കുന്നു, വേറെയും ചിലർ വാങ്ങിച്ചുകൂട്ടാൻ പോകുന്ന ഗോളുകളുടെ എണ്ണത്തെ കുറിച്ച് തർക്കിക്കുന്നു, ചിലർ പീ.ടിയുടെ തിരോധാനത്തെപ്പറ്റി വേവലാതിപ്പെടുന്നു, ചീത്തവിളിക്കുന്നു...

പെട്ടന്ന് ഒരു വണ്ടിയുടെ ഉച്ചത്തിലുള്ള മുരൾച്ച കേട്ട് എല്ലാവരും ഒരുപോലെ തിരിഞ്ഞ് നോക്കി. ഗാലറിയുടെ പടിഞ്ഞാറേ മൂലയ്ക്കുള്ള പ്രധാന കവാടം കടന്ന് ഒരു ടെമ്പോ മാറ്റഡോർ വാൻ പതുക്കെ വന്ന് മൈതാനത്തെ ഒരു റൌണ്ടടിച്ച് ഞങ്ങൾ ഇരുന്നതിന്റെ വലതു വശത്ത് മാറ്റി നിർത്തി. ആദ്യം വെളിയിൽ കണ്ടത് പെപ്സി കോളയുടെ ഒരു വലിയ കാർട്ടൻ . പിന്നാലേ വേറേ ഒരെണ്ണം പിടിച്ച് ഒരുത്തൻ ഇറങ്ങിവരുന്നു. അതിന്റെ പിറകേ രണ്ട് കൈകളിലും ഓരോ നേന്ദ്രക്കുലയുമായി വേറൊരാൾ. അങ്ങനെ ഒന്നിനു പിറകേ ഒന്നായി ഒരുപാട് കാർട്ടനുകളും കവറുകളും വെളിയിൽ നിരന്നു. മൊത്തം രണ്ട് കെയ്സ് പെപ്സി, രണ്ട് നേന്ദ്രക്കുല , നാലോ അഞ്ചോ കാർട്ടൺ ബിസ്‌ലെറി വാട്ടർ, ഗ്ലൂക്കോസ്-ഡിയുടെ ഒരു വലിയ പാക്കറ്റ്. എന്താണെന്ന് മനസിലാവാത്ത രണ്ടുമൂന്ന് കാർട്ടനുകൾ. വല്ല കച്ചവടക്കാരും വിരി വെയ്ക്കാൻ വന്നതായിരിക്കും എന്നാണ് ആദ്യം കരുതിയത്. പക്ഷെ അത് തെറ്റാണെന്ന് മനസിലാക്കാൻ അധികം നേരം വേണ്ടിവന്നില്ല. മുൻ‌വാതിൽ തുറന്ന് കൂടു തുറന്നു വിട്ട കോഴിക്കുഞ്ഞുങ്ങളെ പോലെ, ഒന്നിനു പിറകെ ഒന്നായി പത്ത് പതിനഞ്ച് കട്ടകൾ ഇറങ്ങി നിരന്നു നിന്നു..

അതേ..... ഇതു ലവന്മാർ തന്നെ .... എതിരാളികൾ.......

ദൈവമേ. അപ്പോൾ ഈ കോഴിക്കുഞ്ഞുങ്ങൾക്കുള്ള തീറ്റയാണോ കുറച്ചുമുൻപേ തറയിൽ വിതറിയത് ?..

ഞങ്ങളുടെ ശ്വാസം കുറച്ചുനേരം നിലച്ചെന്ന് തന്നെ പറയാം.. എങ്ങനെ നിലയ്ക്കാതിരിക്കും.. പണ്ടുമുതലേ ടീവിയിൽ കണ്ട് പരിചിതമായ ഇളം നീലയും വെള്ളയും വരകളുള്ള അർജന്റീനയുടെ അതേ ജേഴ്സി, ഏതോ വിലകൂടിയ കമ്പനിയുടെ സ്പൈക്ക്, ലെഗ്ഗ് ഗാർഡ്, തിന്നു മരിക്കാൻ നേന്ദ്രപ്പഴം, കുടിക്കാൻ പെപ്സി, ബിസ്ലെറി വാട്ടർ, ക്ഷീണം മാറ്റാൻ ഗ്ലൂക്കോൺ-ഡി.. ഞങ്ങൾക്കോ.. ജോസീ ബ്രാൻഡ് ജേഴ്സി, സ്പൈഡർ മാൻ മാർക്ക് കാൻ‌വാസ്, ലെഗ്ഗ് ഗാർഡ് ?, തിന്നാൻ ??, കുടിക്കാൻ ???, ക്ഷീണം(വന്നാൽ) മാറ്റാൻ ????.

ഇവന്മാരുമായിട്ടാണ് രാവിലെ തന്നെ ഗളിക്കാൻ പോകുന്നത് !!... ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ വരുന്ന ജയസൂര്യയേയും കാലുവിതരണയേയും കണ്ട വെങ്കിടേഷ് പ്രസാദിന്റെ മാനസികാവസ്ഥ. ഒരു തരം ഭാരമില്ലായ്മ്മ.

അവരെ കയറ്റി വന്ന വാൻ പോയിക്കഴിഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഭീകരത ശരിക്കും വെളിവായത്. 15 കളിക്കാർ, ഒരു കോച്ച്, ഒരു ടീം മാനേജർ,എന്തിനാന്നറിയാൻ വയ്യാത്ത വേറേ രണ്ട് പേർ, പിന്നെ ഗ്രൌണ്ട് സപ്പോർട്ടിനായി വേറൊരു വണ്ടിയിൽ കുറെപ്പേർ.

ഞങ്ങളോ ??.. കോച്ചില്ല, മാനേജറില്ല എന്തിന് ഒരുനേരത്തെ കഞ്ഞിക്കുപോലും വകയില്ലാത്ത ദരിദ്രവാസികൾ. ഇവന്മാരിത് അത്രയും നേരത്തെ തന്നെ സർവ്വവിധ സന്നാഹങ്ങളുമായി എത്തി വാമപ്പ് നടത്തുന്നു... ഞങ്ങളിൽ ഒരുത്തനും കുളിച്ചില്ല, പല്ലുതേച്ചില്ല എന്തിന് രാവിലെ ഒന്നും കഴിച്ചിട്ടുപോലുമില്ല.... കൈലിയുമുടുത്ത് ബീഡിയും വലിച്ച് കല്യാണത്തിന്റെ തലേന്ന് ഒളിച്ചോടിയ പെണ്ണിന്റെ ബന്ധുക്കളെപ്പോലെ മുങ്ങിയ പീ.ടി യെ കാത്തിരിക്കുന്നു. കളിക്കാതെ തിരിച്ച് പോയാലോ എന്നു വരെ ചിന്തിച്ചുപോയി. ആരുമില്ലാത്തവർക്ക് ദൈവം തുണയാണന്നല്ലേ വെയ്പ്പ്; ആ ദൈവത്തിൽ സർവതും സമർപ്പിച്ച് ലെഗ് ഗാർഡില്ലാതെ, പെപ്സിയില്ലാതെ, ഗ്ലൂക്കോൺ-ഡി ഇല്ലാതെ, വരുന്നത് വരുന്നിടത്ത്‌വെച്ച് കാണാമെന്ന മട്ടിൽ കളിക്കാൻ തന്നെ തീരുമാനിച്ചു.

അരമണിക്കൂർ കൊണ്ട് കുളിയും ജപവുമെല്ലാം തീർത്ത് , ബാക്കിയുണ്ടായിരുന്ന പൈസയ്ക്ക് ഹോട്ടലിൽ കയറി ദോശയും ഇഡ്ഡലിയും ചായയും കഴിച്ച്, ഡ്രെസ്സിങ്ങ് റൂമില് കയറി വാതിലടച്ചു.

ലോഡ്ജിലെ നിന്ന് ഗ്രൌണ്ടുവരെ ആ കോലത്തിൽ നടന്ന നടപ്പ് ജീവിതത്തിൽ ഒരിക്കലും മറക്കില്ല. വരുന്നവനും പോകുന്നവനും എല്ലാം നോട്ടം ഞങ്ങളുടെ മേലേ തന്നെ. എവനൊക്കെ എവിടുന്ന് വരുന്നടാ എന്നൊരു ഭാവവും. എങ്ങനെ ഭാവിക്കാതിരിക്കും?? കൂട്ടത്തിലെ കുറിയവൻ റോജിയുടെ നിക്കറ് കാണേനേയില്ല. കാൽ മുട്ടിനു താഴെ വരെ ടീഷർട്ട്. നജീമിനാവട്ടെ ടീഷർട്ടിൽ കയറിയപ്പം മുതൽ ശ്വാസം വിടാൻ വയ്യ. ഷക്കീലയെക്കൊണ്ട് ഇന്ദ്രൻസിന്റെ ബനിയൻ ഇടീച്ച അവസ്ഥ. ഇട്ടിരുന്ന കുന്നത്തിന്റെ ജട്ടിക്ക് അവന്റെ നിക്കറിനേക്കാൾ ഇറക്കം. കാബറേ ഡാൻസ് കളിക്കുമ്പം സിൽക് സ്മിതയിടുന്ന മാതിരി പളപളന്ന നിക്കറ് നേരം വെളുത്ത് വരുന്ന ആ സമയത്തും വെട്ടിത്തിളങ്ങി നിന്നു. ഗ്രൌണ്ടിന്റെ അടുത്ത് നടന്നെത്താറായപ്പോഴേയ്ക്കും അത്ഭുത വസ്തുക്കളെ കാണാൻ സാമാന്യം നല്ലൊരു ജനാവലി തന്നെ കൂടെ കൂടിയിരുന്നു. ഭാഗ്യം!!. അങ്ങനെ വലിയ ചിലവില്ലാതെ ഗ്രൌണ്ട് സപ്പോർട്ടിന് പത്ത് ആളെ കിട്ടി..

ഗ്രൌണ്ടിലെത്തി കളിക്കാനിറങ്ങുന്നതിന് തൊട്ട് മുൻപാണ് ടീം ഫോർമേഷൻ എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഞങ്ങളുടെ ഒടുക്കലത്തെ പ്രതിഭാ സമ്പന്നതയും അപാരമായ കളിമിടുക്കും കാരണം അത് അവസാന നിമിഷം വരെ ആരും ഓർത്തില്ല. കാര്യം ഫുട്ബോൾ ചെറുപ്പം മുതലേ കളിച്ച് ശീലിച്ചതാണേലും ആ പറഞ്ഞ സാധനം ഞാനും അന്ന് ആദ്യം കേൾക്കുകയായിരുന്നു. 2-3-5-1 എന്നും 1-3-2-4-1 എന്നും മറ്റും ആരൊക്കെയോ ഇതിടയ്ക്ക് പറയുന്നത് കേട്ടു. കാര്യമിതായിരുന്നു.

ശ്രീനിയും ഞാനും ഫോർവേഡ് കളിക്കും
(എന്റമ്മേ !!...), നിസാം ഉൾപ്പെടെ മൂന്ന് മിഡ് ഫീൽഡർമാർ ബാക്കിയുള്ള ചവറുകളേയും കട്ടകളേയും പെറുക്കി അട്ടിയിട്ട് ഡിഫൻസ്, നജീം ഗോളി. എന്ത് ഫോർവേർഡ് ! എന്ത് ബാക്ക്‌വേർഡ് ! പന്ത് കാലിൽ കിട്ടിയാൽ കിട്ടിയിടത്തൂന്ന് ഗോൾപ്പോസ്റ്റ് വരെ ഓടുക, ഇടയ്ക്കു വല്ലവന്റേം കയ്യീന്നോ കാലീന്നോ വല്ലതും കിട്ടുന്ന വരെ ലെഫ്റ്റ് റൈറ്റ് അടിച്ച് പോവുക, ഇതിനിടയ്ക്ക് ഗോളി വല്ല മൂത്രമൊഴിക്കാനോ സിഗരറ്റ് വലിക്കാനോ മറ്റോ മാറി, പോസ്റ്റ് കാലിയടിച്ച് കിടക്കുവാണേൽ തഞ്ചത്തിൽ ഒരു ഗോളടിക്കുക ഇതായിരുന്നു മ്മക്കറിയാവുന്ന ഫുട്ബോൾ. ഇതിനിടയിലാ ഒരു ഫോർവേഡ് .. പുല്ല് !!.. കാലിൽ പന്ത് കിട്ടിയാൽ ഉടനെ തന്നെ അടുത്ത് ഉള്ള പാർട്നർക്ക് പാസ് ചെയ്യണം പോലും.... ഓരോരോ നിയമങ്ങളേയ്.... എന്നിട്ട് വേണം അവൻ ഗോളടിച്ച് കയ്യടി വാങ്ങാൻ.. ഇതായിരുന്നു എന്റെ മനസിൽ.

ആദ്യ മാച്ച് ആയതു കൊണ്ടാവണം അന്ന് സാമാന്യം നല്ല ജനത്തിരക്കുണ്ടായിരുന്നു. ഗാലറിയിൽ എല്ലായിടത്തും ആളുകൾ, അനൌൺസ്മെന്റ്, പരസ്യ ബാനറുകൾ.. മൊത്തം പൊടി പൂരം. കളി തുടങ്ങാനുള്ള സമയത്തിന് തൊട്ടുമുൻപു വരെ ഞങ്ങൾ പീ.ടിയെ കാത്തു. വന്നില്ല .. പറഞ്ഞ സമയത്ത് തന്നെ അങ്ങനെ കളി തുടങ്ങി.

ദൈവദോഷം പറയരുതല്ലോ.. കിക്കെടുത്ത നിസ്സാമും ശ്രീനിയും, പന്ത് അവിടെ കൊണ്ടു വെച്ച സതീഷും ആദ്യം ഒന്ന് തൊട്ടതിൽ പിന്നെ കുറെ നേരം ഞങ്ങൾക്കാർക്കും ആ പന്തിൽ കാലു കൊണ്ടോ കൈകൊണ്ടോ തൊടാൻ പോലും ഭാഗ്യമുണ്ടായില്ല. കുറച്ചുനേരത്തെ താമസത്തിനുശേഷം ഇടയ്ക്കൊക്കെ ശ്രീനിയുടെ കാലിൽ എങ്ങനെയൊക്കെയോ പന്ത് എത്തിപ്പെടുകയും മിഡ്ഫീൽഡർമാരേയും ഡിഫന്റർമാരേയും കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയ്ക്ക് വരെ എത്തിച്ച് അവിടെ സ്ഥിരതാമസമാക്കിയ എനിക്ക് പാസ്സു ചെയ്യുകയും ഞാൻ അത് കിട്ടിയപാടെ ഗോൾപോസ്റ്റിനെ ഉന്നം വെച്ച് തോന്നിയിടത്തോട്ട് അടിച്ച് പറത്തുകയും ചെയ്തു. രണ്ടു തവണ അടിച്ചപ്പോഴും സെയിം റിസൾട്ട് .. ഒരുതവണ കളികാണാൻ വന്നിരുന്ന ഏതോ ഒരാളുടെ പെടലിക്ക് !.
നമ്മളു വിചാരിക്കുന്ന പോലൊന്നും അല്ലന്നേയ്
... നാട്ടിൽ കളിച്ച കളി വേറെ ദിദ് വേറെ... ഗ്രൌണ്ടിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഒന്ന് ഓടി നോക്കണം അപ്പോഴറിയാം വിവരം...പട്ടി കിതയ്ക്കുന്ന പോലെ നാക്കു മൊത്തം വെളിയിലേയ്ക്ക് തള്ളിവരുന്നു.. തൊണ്ടയിൽ നയാ പൈസേടെ വെള്ളമില്ല.... നേരേചൊവ്വേ ശ്വാസം വിടാൻ വയ്യ... കണ്ണിൽ മൊത്തം ഇരുട്ട്.. പിന്നാണ് ഗോളടിക്കുന്നത് !.. കോപ്പ് !!.

രണ്ടുപ്രാവശ്യം ഞാൻ ശ്രീനിക്കൊപ്പിച്ച് ഓടാൻ ശ്രമിച്ചു നോക്കി . നടക്കുന്നില്ല ..രാവിലെ തന്നെ സ്റ്റാമിനയും ചമ്മന്തിയും കഴിച്ചപോലെ പഹയൻ ഒടുക്കലത്തെ ഓട്ടം. പലതവണ എതിരാളികളുടെ പോസ്റ്റിന്റെ അടുത്തുവരെ പന്തുമായി അവൻ ചെല്ലുകയും സപ്പോർട്ടിന് ഉണ്ടാവേണ്ട ഞാൻ ഹാജരില്ലാത്തതിനാൽ റൈവൽ ഡിഫന്റേഴ്സിന്റെ കാൽക്കരുത്തിൽ തട്ടി തകരുകയും ചെയ്തു. അതിൽ പിന്നെ ഞാൻ ഓട്ടം മതിയാക്കി ശ്രദ്ധ മുഴുവൻ അവന്മാരുടെ പോസ്റ്റിന്റെ ഇടത്തേ മൂലയിലേയ്ക്ക് കോൺസെണ്ട്രേറ്റ് ചെയ്തു.

കാര്യമായ പണിയൊന്നും ചെയ്തില്ല്ങ്കിലും രണ്ടുപ്രാവശ്യം ഓടിയ ആ ഓട്ടം തന്നെ ധാരാളമായിരുന്നു അന്നു മൊത്തം കിടന്ന് കിതയ്ക്കാൻ.. കളി തുടങ്ങിയപ്പോൾ കണ്ട ആവേശമൊന്നും കുറച്ച് കഴിഞ്ഞ്പ്പോൾ മ്മടെ റ്റീമിൽ ആർക്കുമില്ല. ഒരു അസ്കിത.. കാലിൽ എങ്ങാനും കഷ്ടകാലത്തിന് പന്ത് കിട്ടിയാൽ ഇടം വലം നോക്കി ആദ്യം കാണുന്ന മഞ്ഞക്കുപ്പായക്കാരന് തള്ളിക്കൊടുത്ത് ‘എങ്ങനോണ്ട്രാ ..മ്മടെ പാസ്സ്’ എന്ന ഭാവത്തിൽ ഒരു നിൽ‌പ്പ്. അവിടെങ്ങാനും മൂലയ്ക്ക് തട്ടിമുട്ടി രണ്ട് കാല് മുൻപോട്ട് നാലുകാല് പിറകോട്ട് രണ്ടോട്ടം... തീർന്നു !. പിന്നെ അടുത്ത തവണ പന്ത് കിട്ടിയാ കിട്ടി...അതു വരെ സ്വസ്ഥം സുഖം.

ആദ്യ പകുതിയിൽ അവന്മാർ ഞങ്ങളെ നിലത്ത് നിർത്തിയില്ലെന്നു തന്നെ പറയാം. ഡിഫന്റർമാരായി നിർത്തിയിരുന്ന ഇടിക്കട്ട ബിജുവും പെട്ടി ഗിരീഷും ഇടപെട്ട് കുറേയൊക്കെ ആക്രമണങ്ങൾ കഴിച്ചിലാക്കിത്തന്നു. തടി കണ്ടിട്ടാണോ അതൊ ഡിഫൻസീവ് ടാക്റ്റിക്സ് കണ്ടിട്ടാണോന്നറിയില്ല അവരുടെ അടുത്ത് എതിരാളി സ്ട്രൈക്കർമാരുടെ അടവുകളൊന്നും ഫലം കണ്ടില്ല. (ഈ പറഞ്ഞ രണ്ടണ്ണന്മാരും ജീവിതത്തിൽ അന്നാദ്യമായാണ് അതുപോലൊരു മുഴുനീള കോമഡി സീരിയലിൽ അഭിനയിക്കുന്നത്) .

ഇടയ്ക്ക് രണ്ടുതവണ ഇടിക്കട്ടയും പെട്ടിയും പൊളിച്ച് ഒരു വിദ്വാൻ അകത്ത് കയറി വെടി പൊട്ടിച്ചെങ്കിലും ഗോൾപോസ്റ്റ് മടക്കി കക്ഷത്തിൽ വെക്കാൻ പാകത്തിൽ കൈ വിരിച്ച് നിന്ന നജീം അദ്യതവണ നെഞ്ചുകൊണ്ടും പിന്നത്തത് കൈ കൊണ്ടും തടുത്തിട്ടു. അങ്ങനെ തള്ളിത്തള്ളി ഹാഫ് ടൈം വിസിലെത്തി !.. ഇല്ല … ഇതുവരെ ഒരെണ്ണം പോലും കിട്ടിയില്ല... ഗോളൊന്നും അടിച്ചില്ല എന്നതിനേക്കാൾ ഇങ്ങോട്ടൊന്നും മേടിച്ചില്ല എന്നതിലായിരുന്നു എല്ലാവർക്കും ആശ്വാസം.

ഹാഫ് ടൈം ആയപ്പോഴേ എന്റെയൊക്കെ ജീവൻ ഏതാണ്ട് തൊണ്ണൂറ് ശതമാനവും പോയിരുന്നു എന്നുവേണം പറയാൻ. ബാക്കി വന്ന പൈസയ്ക്കു വാങ്ങിയ നാലോ അഞ്ചോ ബോട്ടിൽ മിനറൽ വാട്ടർ ഹാഫ് ടൈമിലെ ബ്രൈക്കിൽ റേഷൻ അടിസ്ഥാനത്തിൽ ഇറ്റിച്ച് കുടിച്ച് ദാഹം തീർത്തു. വെള്ളം കുടിക്കിടയിലും ഗാലറിയിൽ എവിടെയെങ്കിലും പീടി ഇരിപ്പുണ്ടോ എന്നായിരുന്നു ഞങ്ങളുടെ നോട്ടം.

ബാക്ക് റ്റു പ്ലേ... ഹാഫ് ടൈം കഴിഞ്ഞ് പോസ്റ്റ് മാറി കളിക്കണമെന്നതൊക്കെ ഞങ്ങളിൽ കുറേപ്പേർക്ക് ആദ്യത്തെ അറിവായിരുന്നു. അതറിയാവുന്നതു കൊണ്ടാവണം കളി തുടങ്ങുന്നതിനു മുൻപേ തന്നെ നജീം പോസ്റ്റ് മാറിയ കാര്യം എല്ലാവരേയും ഒന്നുകൂടെ രണ്ടുമൂന്ന് തവണ പ്രത്യേകം ഓർമ്മിപ്പിച്ചു. ഇനി അത് പറയാത്തതു കാരണം വല്ലവനും കേറി സ്വന്തം പോസ്റ്റിൽ തന്നെ അടിച്ച് കേറ്റി തുള്ളിച്ചാടണ്ട എന്ന് കരുതിക്കാണും.

രണ്ടാം പകുതി തുടങ്ങിയപ്പോൾ മുതൽ എതിരാളികൾ കടുത്ത അറ്റാക്ക്.. അവർ ശ്രീനിയെ പ്രത്യേകം നോട്ടമിടുന്നതായി ഞാൻ ശ്രദ്ധിച്ചു. രണ്ടുമൂന്ന് പേർ എപ്പോഴും അവന്റെ പിറകേ തന്നെ. അനങ്ങാൻ വിടുന്നില്ല. ഏതെങ്കിലും വിധേനേ നിസ്സാം ശ്രീനിയ്ക്ക് പന്തെത്തിച്ചാൽ ഉടനെ ഈ പറഞ്ഞ ഗുണ്ടാ ഗാങ്ങ് അവനെ വളയുകയും പന്തും തോണ്ടിയെടുത്തോണ്ട് പോവുകയും ചെയ്തു. അവരുടെ പോസ്റ്റിന്റെ അടുത്ത് വരെ ചെന്നാലും എന്നെ ആരും കാര്യമായി മൈൻഡ് ചെയ്യുന്നില്ല. ഗോളിക്കും മ്മളെ കാണുമ്പോൾ ഒരു പുജ്ഞം. എല്ലാവരുടേയും നോട്ടം ശ്രീനിയിലും നിസ്സാമിലും. ഗ്രൌണ്ടു മൊത്തം ഓടിനടന്ന് കളിക്കുന്നതുകൊണ്ട് കാണികളുടെ ശ്രദ്ധയും ശ്രീനിയിൽ.

കമന്ററിയിലൂടെ ഇടയ്ക്കിടെ കേൾക്കാം “ശ്രീനിയതാ കുതിക്കുന്നു..”, “ശ്രീനിയതാ പറക്കുന്നു....”.

..മ്മടെ പേര് ആ ചങ്ങാതിക്ക് അറിയാത്തത് ഭാഗ്യം. അല്ലെങ്കിൽ നാണം കെട്ടേനേ..

ആദ്യ പകുതി പോലെ തന്നെ സംഭവ ബഹുലമായിരുന്നു രണ്ടാം പകുതിയും. സമയം പോകുന്തോറും കളിക്ക് ആവേശം കൂടിക്കൂടി വന്നു...

ഇതിനിടയിൽ ചാവറായ രണ്ടെണ്ണത്തിനെ ചുമന്ന് മാറ്റി പുതിയ രണ്ടു പേരെ ഡിഫൻസിൽ ഇറക്കിവിട്ടു. ബാറ്ററി മാറ്റിയിട്ട ക്ലോക്ക് പോലെ ഡിഫൻസ് വീണ്ടും ഉഷാറായി.

നിസ്സാമും മിഡ്ഫീൽഡ് വിട്ട് ഡിഫൻസിലേയ്ക്ക് വലിഞ്ഞു. കളി അവസാനത്തോട് അടുക്കാറാവുന്നു. പത്തോ പതിനഞ്ചോ മിനിട്ട് ബാക്കി. നോക്കൌട്ട് റൌണ്ടായതിനാൽ എതിരാളികളെ സംബന്ധിച്ച് അതൊരു ജീവന്മരണ പോരാട്ടം.. മ്മക്കെന്ത് കുന്തം... പോയാൽ പോയി.. ദാറ്റ്സ് ഓൾ..

എതിരാളികളുടെ ഗയിം പ്ലാനുകളിൽ മൊത്തം മാറ്റം. രണ്ടിനു പകരം മൂന്ന് സ്ട്രൈക്കർമാർ. ആക്രമണം കടുത്തു വന്നു. ഇടിക്കട്ടയ്ക്കും പെട്ടിക്കും നിസ്സാമിനും നജീമിനും നിലത്ത് നിൽക്കാൻ സമയമില്ലാതായി. പുതിയതായി ഇറക്കി വിട്ട ഞങ്ങളുടെ ഗുണ്ടകളും കൈ മെയ് മറന്ന് കളിക്കുന്നു. നജീമിന്റെ കയ്യിലും കാലിലും നെഞ്ചിലും പള്ളയ്ക്കും പലതവണ പന്ത് തട്ടി തിരിച്ച് പോയി.

എനിക്കപ്പോഴും കാര്യമായ പണിയൊന്നുമില്ല. ഇതെല്ലാം കണ്ടു കൊണ്ട് ഒരു മൂലയ്ക്ക് നിൽക്കുക. ഓരോ തവണ ഡിഫൻസുകാർ പന്ത് തടയുമ്പോഴും കാണികൾക്കൊപ്പം ചുമ്മാ നിന്ന് കയ്യടിക്കുക. ഹാഫ് ടൈം കഴിഞ്ഞ് ഒരിക്കൽ പോലും അവരുടെ പോസ്റ്റിന്റെ ഏഴയലത്ത് പന്തുമായി ചെല്ലാൻ എനിക്കോ ശ്രീനിക്കോ നിസ്സാമിനോ സാധിച്ചില്ല. കളി മൊത്തം ഞങ്ങളുടെ ഹാഫ് ഏരിയായെ കേന്ദ്രീകരിച്ചായി. എതിരാളികളുടെ കോച്ചും മാനേജറും വെളിയിൽ കിടന്ന് അലറി വിളിക്കുന്നത് കേൾക്കാം. മൊത്തം പേർക്കും ആവേശം …..

സമയം തീരാറാകുന്നു. മിനിറ്റുകൾ മാത്രം ബാക്കി. കുറേ നേരമായി പന്തൊന്നും മ്മടെ പഞ്ചായത്തുവഴി വരാണ്ടായപ്പോൾ ഞാൻ പതുക്കെ അവിടെ കുത്തിയിരുപ്പായി. “നീ ബാക്കിലേക്ക് ഇറങ്ങി കളിക്കണ്ട, ഒരു ചാൻസുവന്നാൽ ആരും ഫോർവേഡിൽ ഇല്ലാതെ പോകരുത്” എന്ന് ശ്രീനി പറഞ്ഞതിന്റെ ആനുകൂല്യത്തിലായിരുന്നു ആ ഇരുപ്പ്.

ഇനിയെങ്ങാനും കളി സമനിലയായാൽ പെനാൾട്ടി അടിക്കാനെങ്ങാനും പറയുമോ എന്നതായിരുന്നു എന്റെ പേടി.

പിറകില് അവരുടെ രണ്ട് ഡിഫന്റർമാരും പിന്നെ ഗോളിയും മാത്രമേയുള്ളൂ. ബാക്കിയെല്ലാവരും അങ്ങേത്തലയ്ക്കൽ ഒരു ഗോളിനായി കടിപിടി കൂടുകയാണ്. അവിടെ എന്തോക്കെയോ നടക്കുന്നു. മൊത്തം ഒരു കൂട്ടപ്പൊരിച്ചിൽ.. ഇരുന്നിരുന്ന് ബോറടി ആയപ്പോൾ താഴെകിടന്ന ചെറിയ കല്ലുകൾ പെറുക്കി ചുമ്മാ നീട്ടി എറിയാൻ തുടങ്ങി.

രണ്ടോ മൂന്നോ എണ്ണം എറിഞ്ഞുകാണും. പെട്ടന്ന് “ആർപീ.........“ എന്നൊരു നീട്ടിയ വിളിയും ഗാലറി മൊത്തം ഇളകിമറിയുന്ന ശബ്ദവും കേട്ടുകൊണ്ടാണ് ഞാൻ തല ഉയർത്തി നോക്കിയത്.

ദാണ്ട്രാ അട്ടിയിട്ട് കിടന്നിരുന്ന കളിക്കാരെ വകഞ്ഞുമാറ്റി കത്തിച്ച് വിട്ട റോക്കറ്റുപോലെ പന്തുമായി പാഞ്ഞ് വരുകയാണ് ശ്രീനി !!. പിറകേ പ്രിയദർശൻ സിനിമയിലെ ക്ലൈമാക്സ് സീനിലെ പോലെ പൊടി പറപ്പിച്ച് ഒരു അഞ്ചാറുപേര് . ശ്രീനിക്കൊപ്പം പാരലൽ ആയി വലത് വശത്ത് നിസ്സാമും പറക്കുന്നുണ്ട്. ആദ്യത്തെ അന്ധാളിപ്പ് ഒന്നു മാറിയ ഞാൻ ഉടനെ തന്നെ കയ്യിൽ ബാക്കിയിരുന്ന കല്ല് താഴേയ്ക്ക് എറിഞ്ഞ്, റിലേയ്ക്ക് ബാറ്റൺ കൈമാറാൻ നിൽക്കുന്ന പോസ്സിൽ ഓടാൻ തയാറായി നിന്നു.

ഓടിക്കേറിവന്ന ഒരു ഡിഫന്ററെ ശ്രീനി എളുപ്പത്തിൽ കബളിപ്പിച്ചു. തൊട്ടുപിറകേ ഒരു പട വരുന്നുണ്ട്. പിറകേ വന്നവർ ഉടനെ തന്നെ ശ്രീനിയെ വളഞ്ഞു പിടിച്ചു. കാലിൽ നിന്ന് പന്ത് നഷടപ്പെടും എന്ന അവസ്ഥയിൽ ശ്രീനി വലതുവശത്തുനിന്ന നിസ്സാമിനു പാസ് കൊടുത്തു. അപ്പോഴേയ്ക്കും രണ്ട് ഡിഫന്റർമാർ അവനെ മാർക്ക് ചെയ്യാനെത്തി . മറിഞ്ഞ് തിരിഞ്ഞ് വലത് വശത്തെ കോർണർ വരെ നിസ്സാമിനെ അവന്മാർ തള്ളിനീക്കി. ഇതിനിടയിൽ ഞാൻ എങ്ങനെയൊക്കയോ ഓടിക്കിതച്ച് അവരുടെ ഗോളിക്കും വേറൊരു ഡിഫന്റർക്കും ഒപ്പമെത്തി അവരുടെ പിറകിൽ പോസ്റ്റിന്റെ ഇടത്തേ മൂലയ്ക്ക് അടുത്തെത്തി ബ്രേക്കിട്ട് നിർത്തി പമ്മി നിൽ‌പ്പായി. എന്നെ ആരും കണ്ടമട്ടില്ല !!.

കൂടുതൽ നേരം പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ നിസ്സാം കോർണർ കിക്ക് എടുക്കുന്ന സ്റ്റൈലിൽ ഉയർത്തി നേരേ പോസ്റ്റിലേയ്ക്ക് ഒറ്റ പെട.. നേരേ എന്റെ തലപ്പൊക്കത്തിൽ !! .. ഇടത്തേ ബാറിനോട് ചേർന്ന് ... പന്തും തലയും പോസ്റ്റും ഒരേ ലെവലിൽ !!. പന്ത് ബാറിൽ നിന്ന് ഏതാണ്ട് ഒരു പത്ത് ഇഞ്ച് അകലത്തിൽ എത്തിയതും പരമാവധി ശക്തിയിൽ മുന്നോട്ടാഞ്ഞ് ഒറ്റച്ചാട്ടം.... ഡിം......

സർവ്വത്ര നിശബ്ദത.......

ഒരുറക്കം കഴിഞ്ഞ ആലസ്യത്തിലാണ് ഞാൻ കണ്ണ് തുറന്നത്. തലയ്ക്ക് ഒടുക്കലത്തെ ഭാരം.. ചുറ്റും ആരൊക്കെയോ കൂടി നിൽക്കുന്നു. ഒന്നും അങ്ങോട്ട് വ്യക്തമാവുന്നില്ല. കണ്ണിലും മോന്തയ്ക്കും ദേഹത്തും മുഴുവൻ വെള്ളം. ഇതിനിടയ്ക്ക് മഴയും പെയ്തോ... അല്ലാ.... പന്തെവിടെ ?? ഗോൾപോസ്റ്റ് .. ഗോളി .. എവിടെപ്പോയി ?... അപ്പോഴാണ് മനസിലായത് ഞാൻ കളിക്കുകയല്ല കിടക്കുകയാണെന്ന്...ഗാലറിയിലെ സിമന്റ് തറയിൽ കൈലിവിരിച്ച് നീണ്ട് നിവർന്ന് കിടക്കുകയാണ്. തലയ്ക്ക് കുഷ്യനായി പകുതി കാറ്റൂരി വിട്ട ഫുട്ബോൾ .. കയ്യും കാ‍ലും അനക്കാൻ മേല.. അടുത്ത് നിന്ന ഗിരീഷിന്റെ കൈ പിടിച്ച് വല്ലവിധേനെ ഏന്തിവലിഞ്ഞ് എഴുന്നേറ്റ് നിന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു. ഗ്രൌണ്ട് ശൂന്യം..... ഗാലറി മൊത്തം കാലി .. ദൈവമേ.... അപ്പോ കളി ??... ശ്ശെടാ... ഇതെന്തു പറ്റി... നേരത്തെ കല്ലെറിഞ്ഞ് ഇരുന്നിരുന്ന് ഉറങ്ങിപ്പോയി ഇനി വല്ല സ്വപ്നവും കാണുന്നതാണോ ?? … ഞാൻ കയ്യിൽ ഒന്ന് നുള്ളി നോക്കി... വേദനിക്കുന്നു.... അപ്പോ കാണുന്നത് ലൈവ് തന്നെ..

എന്തുവാടാ പറ്റിയേ ?”ഞാൻ ഗിരീഷിനോടു ചോദിച്ചു.

നടന്നത് ഇങ്ങനെയായിരുന്നു... പന്തിനു വെച്ച തലമണ്ട നേരേ ചെന്ന് ലാൻഡ് ചെയ്തത് പോസ്റ്റിൽ. പന്ത് അതിന്റെ പാടുനോക്കി പുറത്തേയ്ക്ക്.... ഞാൻ വെട്ടിക്കണ്ടിച്ചിട്ട വാഴ പോലെ നേരേ താഴേയ്ക്ക് !!..

ഏതാണ്ട് ഒരു മണിക്കൂറടിപ്പിച്ച് അപ്പോൾ പോയ ബോധമാണ് ഒന്ന് ഒന്നര കുടം പൈപ്പ് വെള്ളം ദേഹത്തും തലയിലും ഒഴിച്ച് ഇപ്പോൾ തിരിച്ച് കിട്ടിയതെന്ന് പതുക്കെ മനസിലായി.

ഞാൻ ഡെഡ്ബോഡി ആയി കഴിഞ്ഞ് ഒരു രണ്ടോ മൂന്നോ മിനിറ്റിൽ ടൈം ഓവർ ആവുകയും എക്സ്ടാ ടൈമിലേയ്ക്ക് കളി നീങ്ങുകയും അതിലും ഫലം കാണാതെ വന്നപ്പോൾ നടത്തിയ പെനാൾട്ടി ഷൂട്ടൌട്ടിൽ ഞങ്ങൾ 3-0 നു തോൽക്കുകയും ചെയ്തു !!..........

ആ പത്ത് ഇഞ്ച് ഒരു ഇരുപതാക്കിയിരുന്നെങ്കിൽ ?? …

അവസാനം പ്ലാൻ പോലെ തന്നെ ഉച്ചയ്ക്കുള്ള വണ്ടി പിടിച്ച് നേരേ കുടുമ്മത്തേയ്ക്ക്.....

എക്സ്ട്രാ ടൈം:

തലേന്ന് കൂട്ടുകാരന്റെ വക ‘സൽക്കാരം‘ കഴിഞ്ഞ് പാതിരാത്രി എപ്പോഴോ കിടന്നുറങ്ങിയ പീടി പിറ്റേന്ന് രാവിലെ 9 മണിക്കാണ് ഉറക്കമുണർന്നത്... ദൈവം സഹായിച്ച് ഞങ്ങൾ റൂം വെക്കേറ്റ് ചെയ്യുന്നതിനു മുൻപേ അതിന്റെ കാശുകൊടുക്കാൻ ആൾ അവിടെ ഉണ്ടായിരുന്നു...എന്താ സമയ നിഷ്ഠ...സാറന്മാരായാൽ ഇങ്ങനെ വേണം. കണ്ടു പഠിക്ക്....




edit post

12 Reply to "ഗോൾ !! – പാർട്ട് രണ്ട്"

ധൃഷ്ടദ്യുമ്നന്‍ on April 13, 2009 at 11:02 PM

ഗോൾ.............തകർത്തു മാഷേ..നല്ല വായനാസുഖമുണ്ടായിരുന്നു..പഞ്ച്‌ ഡയലോഗ്സും...തുടർന്നും എഴുതുക..ആശംസകൾ...

 

പകല്‍കിനാവന്‍ | daYdreaMer on April 14, 2009 at 1:18 AM

സാറന്മാരായാൽ ഇങ്ങനെ വേണം. കണ്ടു പഠിക്ക്....
ഹഹഹ കലക്കന്‍ പോസ്റ്റ്..
എന്തിനാ വെറുതെ ഒരു ബ്ലോഗ് എന്നെഴുതിയത്..?
!!
:)
സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഒരായിരം വിഷു ആശംസകള്‍ ...
സ്നേഹപൂര്‍വ്വം
...പകല്‍കിനാവന്‍...daYdreamEr...

 

ആർപീയാർ | RPR on April 14, 2009 at 2:19 AM

ധൃഷ്ടദ്യുമ്നനാ..
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.

പകലേ..
വേറേ പേരൊന്നും കിട്ടിയില്ല. ഇങ്ങനൊക്കെ എഴുതാൻ ഈ പേരു തന്നെ ധാരാളമല്ലേ ..

 

Shaju Joseph on April 14, 2009 at 3:44 AM

ഇഷ്ടപ്പെട്ടു. നല്ല ഒഴുക്കുള്ള ശൈലി.

 

abhi on April 14, 2009 at 5:21 AM

രസിച്ചു വായിച്ചു... ഇത് പോലുള്ള വെടിക്കെട്ട് സാധനങ്ങള്‍ ഇനിയും പോരട്ടെ !
പോസ്റ്റില്‍ തല ഇടിച്ചപ്പോള്‍ വെളിപാട് വല്ലതും ഉണ്ടായോ ? :)

 

Anil cheleri kumaran on April 14, 2009 at 7:36 AM

അസാദ്ധ്യ എഴുത്ത് മാഷേ... എന്തൊരു തമാശയാണു ഓരോ വരിയിലും!!!
ചിരിച്ചു ചിരിച്ചു മരിച്ചു...
ഇമ്മാതിരി ഒരു ക്ലൈമാക്സ് ഒരിക്കലും‌ പ്രതീക്ഷിച്ചില്ല.
ഒരു പാട് വായിക്കപ്പെടും‌. ഉറപ്പ്.
എല്ലാ ആശം‌സകളും‌!!!

 

Jayasree Lakshmy Kumar on April 15, 2009 at 12:36 PM

കൊള്ളാം. ഇഷ്ടായീട്ടോ. രസിച്ചു വായിച്ചു :)

 

ശ്രീ on April 16, 2009 at 4:15 AM

സംഭവം രസകരമായി എഴുതി മാഷേ...

(ജീവന്‍ തിരിച്ചു കിട്ടിയല്ലോ... ഭാഗ്യം)
:)

 

അരുണ്‍ കരിമുട്ടം on April 18, 2009 at 12:48 AM

ഈ ബ്ലോഗ് വെറുതെയാവില്ല മാഷേ
ചിരിപ്പിച്ചു

 

Unknown on May 14, 2009 at 10:59 AM

asamsakal.............nallathupole rasichu..........................iniyum ezhuthuka

 

Sureshkumar Punjhayil on August 25, 2009 at 11:59 AM

Oru kidilan kalithanne kandu ketto...!
.സാറന്മാരായാൽ ഇങ്ങനെ വേണം. കണ്ടു പഠിക്ക്....!

Manoharam, Ashamsakal...!!!!

 

Anonymous on February 20, 2010 at 7:14 PM

я вот что скажу: шикарно! а82ч